തിരുവനന്തപുരം: ബീഫ് വിഷയത്തിൽ സി.പി.എമ്മിന് ഇരട്ടത്താപ്പെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പൊലീസ് അക്കാദമിയിലെ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയ സംഭവത്തിലാണ് വി മുരളീധരന്റെ പ്രതികരണം. പള്ളിത്തർക്കത്തിലും ശബരിമലയിലും ഇതു തന്നെയാണ് സി.പി.എം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അലനേയും താഹയേയും പുറത്താക്കിയതിലൂടെ ഇരുവരും മാവോയിസ്റ്റുകളാണെന്ന് സിപിഎം തന്നെ സമ്മതിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നെയെങ്ങനെ കേസ് എൻഐഎ അന്വേഷിക്കരുതെന്ന് സിപിഎമ്മിന് പറയാനാകും? മുസ്ലീം ലീഗുകാരെല്ലാരും തീവ്രവാദികളല്ലെങ്കിലും ലീഗിൽ തീവ്രവാദികളുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.

കേരള പൊലീസിൽ പുതുതായി പരിശീലനം നടത്തുന്നവർക്കായി ഇറക്കിയ ഭക്ഷണ മെനുവിൽ നിന്നും ബീഫ് ഒഴിവാക്കിയത് വിവാദമാകുകയാണ്. പൊലീസ് അക്കാദമി എഡിജിപിയുടേതാണ് ഉത്തരവ്. ആരോഗ്യവിദഗ്ധർ നൽകിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്നും ബീഫിന് നിരോധനം ഇല്ലെന്നുമാണ് ട്രെയിനിംഗ് എഡിജിപിയുടെ വിശദീകരണം. ഇതിനെതിരെയാണ് വി മുരളീധരൻ രംഗത്ത് വന്നത്.

ബീഫ് ഒഴിവാക്കി കൊണ്ടുള്ള മെനു ട്രെയിനിംഗ് എഡിജിപി എല്ലാ ബറ്റാലിയനുകൾക്കും നൽകി. എന്നാൽ, ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരമുളള മെനുവാണ് പുറത്തിറക്കിയതെന്നും ഒരു നിരോധനവും നിലവിലില്ലെന്നും ട്രെയിനിംഗ് എഡിജിപി ബി.സന്ധ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ബീഫ് എല്ലാ ബറ്റാലിയിലെ ക്യാൻറീനുകളിലും നൽകിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. പക്ഷെ ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി പൊലീസുകാർ സംഘടനകളെയും അറിയിച്ചിട്ടുണ്ട്.

നേരത്തെ, തൃശൂർ പൊലീസ് അക്കാദമിയിൽ ഐജിയായ സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് നിരോധനം നീക്കിയത്.  അതേസമയംസ ഓരോ ട്രെയിനിയും ഭക്ഷത്തിനായി നൽകേണ്ട തുക വർദ്ധിപ്പിച്ചു. 2000 രൂപയാണ് പരിശീലന കാലയളവിൽ ഒരു ട്രെയിനി നൽകേണ്ടയിരുന്നത്. അത് 6000 രൂപയായണ് വർദ്ധിപ്പിച്ചത്.