Asianet News MalayalamAsianet News Malayalam

കോടതിയിൽ ഒന്ന്, പുറത്ത് വേറൊന്ന്, ഇരട്ടത്താപ്പ് മാറ്റി സർക്കാർ ഒറ്റ നിലപാട് പറയട്ടെ; ശേഷം കേന്ദ്രസേന: മുരളീധരൻ

വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് ഹൈക്കോടതിയിൽ സർക്കാർ സമ്മതം അറിയിച്ചെന്ന് ചൂണ്ടികാട്ടിയ മുരളീധരൻ, സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് ഇതോടെ സർക്കാർ സ്വയം സമ്മതിച്ചുവെന്നും അഭിപ്രായപ്പെട്ടു

v muraleedharan against pinarayi government on vizhinjam port strike issue
Author
First Published Dec 3, 2022, 7:44 PM IST

കോഴിക്കോട്: വിഴിഞ്ഞം സമര സ്ഥലത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ രൂക്ഷ വിമർശനം. സംസ്ഥാന സർക്കാർ കോടതിയിൽ ഒരു നിലപാടും, പുറത്ത് മറ്റൊരു നിലപാടുമാണ് പറയുന്നത്. ഇത് തിരുത്തി ഒറ്റ നിലപാട് പ്രഖ്യാപിച്ച ശേഷം മാത്രമേ കേന്ദ്ര സേനയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കുവെന്ന് മുരളീധരൻ പറഞ്ഞു. കേന്ദ്ര സേന വരണമെങ്കിൽ ആഭ്യന്തര വകുപ്പ് പരാജയമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ രാജി വെക്കട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സേന വരുന്ന കാര്യത്തിൽ ആദ്യം സർക്കാർ ഒറ്റ നിലപാട് പ്രഖ്യാപിക്കട്ടെയെന്നും ശേഷം കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് ഹൈക്കോടതിയിൽ സർക്കാർ സമ്മതം അറിയിച്ചെന്ന് ചൂണ്ടികാട്ടിയ മുരളീധരൻ, സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് ഇതോടെ സർക്കാർ സ്വയം സമ്മതിച്ചുവെന്നും അഭിപ്രായപ്പെട്ടു. സർക്കാറിന് ഇച്ഛാശക്തി നഷ്ടപ്പെട്ടു. സർക്കാർ  സ്വയം ഒഴിഞ്ഞു പോകുകയാണ് വേണ്ടത്. വിഴിഞ്ഞത്ത് കലാപം നടന്നപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മാളത്തിൽ ഒളിച്ചെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. ബാഹ്യശക്തികൾ വിഴിഞ്ഞത്ത് ഇടപെട്ടില്ല എന്ന് മന്ത്രി ആന്‍റണി രാജു പറയുമ്പോൾ മുഖ്യമന്ത്രിയും മറ്റു ചില മന്ത്രിമാരും ബാഹ്യ ശക്തി ഇടപെടൽ ഉണ്ടെന്ന് പറയുന്നു. ഇക്കാര്യത്തിൽ എന്താണ് സർക്കാർ നിലപാടെന്നും വി മുരളീധരൻ ചോദിച്ചു. മന്ത്രിമാരുടെ ഭാഗത്തു നിന്നും സമരക്കാരുടെ ഭാഗത്ത് നിന്നും വർഗ്ഗീയ പരമാർശങ്ങൾ ഉണ്ടാവരുതെന്നും അങ്ങനെ ഉണ്ടായാൽ നിയമ നടപടി വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

രാവിലെയും വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ രൂക്ഷ വിമർശനം അഴിച്ചുവിട്ടിരുന്നു. വിഴിഞ്ഞത്ത് മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണമെന്നും ഗീർവാണത്തിനും മാസ് ഡയലോഗുകൾക്കും ഒരു കുറവുമില്ലെന്നും അദ്ദേഹം രാവിലെ പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയതെന്നും മുരളീധരൻ ചൂണ്ടികാട്ടി.

അതേസമയം കോർപറേഷൻ തട്ടിപ്പ്  കേസ് സി ബി ഐക്ക് കൊടുക്കേണ്ടതാണെങ്കിൽ സംസ്ഥാന സർക്കാർ അങ്ങനെ ചെയ്യണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കോർപറേഷൻ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത് കോർപറേഷൻ അറിഞ്ഞില്ല. എന്നിട്ട് എൽ ഡി എഫ് ബാങ്കിൽ സമരം നടത്തുന്നു. സ്വന്തം തെറ്റ് മറക്കാനുള്ള ശ്രമമാണിതെന്നാണ് മുരളീധരന്‍റെ അഭിപ്രായം. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർ എസ് എസിന് എതിരെ കള്ളമൊഴി നൽകുകയാണെന്നും ക്രൈം ബ്രാഞ്ചിനെ പ്രതിയോഗികളെ തകർക്കാൻ ഉപയോഗിക്കുകയാണെന്നും സർക്കാർ പ്രതിക്കൂട്ടിലാകുമ്പോൾ പ്രതിയോഗികൾക്കെതിരെ ആക്ഷേപം ഉന്നയിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

പാര്‍ട്ടി കൊലയാളികളെ മോചിതരാക്കുന്ന ഉത്തരവ് റദ്ദാക്കണം, പിന്നില്‍ സിപിഎം-ബിജെപി ധാരണ, യുഡിഎഫ് ചെറുക്കും: സതീശൻ

Follow Us:
Download App:
  • android
  • ios