Asianet News MalayalamAsianet News Malayalam

ബിഎസ്എന്‍എല്‍ ജീവനക്കാരന്‍റെ ആത്മഹത്യ; ടെലികോം മന്ത്രിയെ ബന്ധപ്പെട്ടുവെന്ന് വി മുരളീധരന്‍

ബിഎസ്എൻഎൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യവും ഒഴിവാക്കാൻ ടെലികോം മന്ത്രി രവിശങ്കർ പ്രസാദുമായി അടിയന്തരമായി ബന്ധപ്പെട്ടുവെന്നും വി മുരളീധരന്‍ അറിയിച്ചു

V Muraleedharan letter to minister ravishankar prasad regarding bsnl employee suicide
Author
Dubai - United Arab Emirates, First Published Nov 7, 2019, 5:26 PM IST

ദുബായ്: പത്തു മാസമായി ശമ്പളം കിട്ടാത്തതിനെ തുടർന്ന് മലപ്പുറം നിലമ്പൂരിലെ ബിഎസ്എൻഎൽ ജീവനക്കാരൻ ഓഫീസില്‍ ജീവനൊടുക്കി വാർത്ത ഞെട്ടിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ബിഎസ്എൻഎൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യവും ഒഴിവാക്കാൻ ടെലികോം മന്ത്രി രവിശങ്കർ പ്രസാദുമായി അടിയന്തരമായി ബന്ധപ്പെട്ടുവെന്നും വി മുരളീധരന്‍ അറിയിച്ചു.

രാമകൃഷ്ണന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിലെ കരാർ തൊഴിലാളികൾ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഇരയായി ഇനിയാരും മാറരുത്. എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു.

പത്ത് മാസമായി ശമ്പളമില്ലാതായതോടെയാണ് മലപ്പുറം നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ താൽകാലിക സ്വീപ്പർ തൊഴിലാളിയായ രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്. നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിൽ കഴിഞ്ഞ 30 വര്‍ഷമായി താൽകാലിക സ്വീപ്പർ തൊഴിലാളിയായി ജോലി ചെയ്യുകയാണ് രാമകൃഷ്ണന്‍. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലില്‍ ശമ്പളപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ജീവനക്കാരന്‍ ഓഫീസ് മുറിയില്‍ ജീവനൊടുക്കിയത്.

കഴിഞ്ഞ പത്ത് മാസമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഓഫീസിലെത്തിയ ഇദ്ദേഹം ജോലി ആരംഭിച്ചിരുന്നു. മറ്റ് ജീവനക്കാര്‍ പുറത്ത് പോയ സമയത്താണ് ഓഫീസ് മുറിയില്‍ ഇയാള്‍ ആത്മഹത്യ ചെയ്തത്.

ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ മലപ്പുറം കലക്ടറേറ്റിന് മുന്നിലും ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലും സമരത്തിലാണ്. രാമകൃഷ്ണന്‍ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നയാളായിരുന്നുവെന്നും ശമ്പളം ലഭിക്കാത്തതിലാല്‍ ഏറെ വിഷമത്തിലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വണ്ടൂര്‍ സ്വദേശിയാണ് മരിച്ച രാമകൃഷ്ണന്‍.

Follow Us:
Download App:
  • android
  • ios