Asianet News MalayalamAsianet News Malayalam

കോസ്റ്റ് ഗാര്‍ഡ് അക്കാദമി; സംസ്ഥാന സര്‍ക്കാരിനെ പഴിച്ച് കേന്ദ്രം, പകരം സ്ഥലം നല്‍കിയില്ലെന്ന് മുരളീധരന്‍

എട്ട് വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി ഇനി പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് ഇന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയില്‍ അറിയിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിച്ചെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് എളമരം കരീം എംപിയെ രേഖാമൂലം അറിയിക്കുകയായിരുന്നു. 

V Muraleedharan  on cost guard academy
Author
Delhi, First Published Dec 2, 2019, 5:52 PM IST

ദില്ലി: കണ്ണൂരിലെ അഴീക്കലിൽ കോസ്റ്റ്ഗാർഡ് അക്കാദമി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ പഴിചാരി കേന്ദ്രം. കോസ്റ്റ് ഗാര്‍ഡ് അക്കാദമിയില്‍ സംസ്ഥാനത്തിന് നിഷേധാത്മക നിലപാടെന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വിമര്‍ശനം. നാലുവര്‍ഷമായി പകരം സ്ഥലം കേന്ദ്രം ആവശ്യപ്പെടുകയാണെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പകരം സ്ഥലം കണ്ടെത്തിയില്ലെന്നും മന്ത്രി പറഞ്ഞു. 

ഇതുകൂടാതെ നിര്‍മ്മല  സീതാരാമന്‍ മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിച്ചതാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. എട്ട് വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി ഇനി പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് ഇന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയില്‍ അറിയിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിച്ചെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് എളമരം കരീം എംപിയെ രേഖാമൂലം അറിയിക്കുകയായിരുന്നു. 

2011ലാണ് അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്‍റണി കോസ്റ്റൽ അക്കാദമിക്ക് തറക്കല്ലിട്ടത്. കിൻഫ്രയ്ക്കായി ഏറ്റെടുത്ത ഭൂമിയിൽ നിന്ന് 164 ഏക്കർ പദ്ധതിക്ക് സംസ്ഥാന സർക്കാർ കൈമാറി. കണ്ടൽക്കാടുകൾ ഏറെയുള്ള വളപട്ടണം തീരത്ത് അക്കാദമി തുടങ്ങുന്നതിനെ തീരദേശ നിയന്ത്രണ അതോറിറ്റി എതിർത്തു. തീരദേശനിയന്ത്രണ നിയമപ്രകാരമുള്ള അനുമതി പദ്ധതിക്ക് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കുകയാണെന്നും സഹമന്ത്രിയുടെ മറുപടിയിൽ പറയുന്നു. അതേസമയം കേരളത്തിൽ എവിടെയെങ്കിലും ഇനി പദ്ധതി ആലോചിക്കുമോ എന്ന കാര്യത്തിൽ മന്ത്രി മൗനം പാലിക്കുന്നു. 

കോസ്റ്റൽ അക്കാദമി മംഗലാപുരത്തെ ബൈക്കംപടിയിലേക്ക് മാറ്റാൻ കേന്ദ്രം നേരത്തെ തത്വത്തിൽ തീരുമാനിച്ചിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന നിർമ്മലാ സീതാരാമൻ മംഗലാപുരത്ത് എത്തി സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു. 160 ഏക്കർ കർണ്ണാ‍ടക സർക്കാർ അക്കാദമിക്കായി കണ്ടെത്തിയിട്ടുണ്ട്. അക്കാദമി കേരളത്തിൽ നിന്ന് മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് ഈ പദ്ധതി ഇനി പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് കേന്ദ്രം നല്‍കുന്നത്.


 

Follow Us:
Download App:
  • android
  • ios