കൊച്ചി: കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരന്‍.  സമ്മേളനത്തില്‍ തന്നെ ആരും തടഞ്ഞില്ല. വനിതാ മാധ്യമപ്രവര്‍ത്തകര്‍ വിയോജിപ്പ് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.

വനിതാ സഹപ്രവര്‍ത്തകയെ സദാചാരത്തിന്‍റെ പേരില്‍ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ, തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ സംസാരിച്ചിരുന്നു.  രാധാകൃഷ്ണന്‍റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ മുരളീധരന്‍ പറഞ്ഞിരുന്നു.

തന്‍റെ പ്രസ്താവനയില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് പിന്നീട് മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു. മാപ്പ് പറയാന്‍  ആരും ആവശ്യപ്പെട്ടിട്ടില്ല. മുമ്പ്പരാതികൾ ഉണ്ടായ സമയത്ത് കാണിക്കാത്ത വ്യഗ്രത യാണ് ഇത്തവണ കാണിച്ചത്. അത് സംശയം ഉണ്ടാക്കുന്നതാണ്. പ്രശ്നത്തിൽ ഇടപെട്ട ആളുടെ രാഷ്ട്രീയം ആണോ ഇതിന് കാരണം എന്ന് സംശയം ഉണ്ടെന്നും മുരളീധരന്‍ പറഞ്ഞു. 

കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍  പ്രതിഷേധം അറിയിച്ചിരുന്നു. ആക്രമണത്തിനിരയായ യുവതിയെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രി സംസാരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന  രാധാകൃഷ്ണനെ ആരോപണത്തെ തുടര്‍ന്ന് ഈയടുത്താണ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ സമരം ചെയ്തതിനെ തുടര്‍ന്നാണ് രാധാകൃഷ്ണനെ പ്രസ് ക്ലബ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്.