ദില്ലി: ശബരിമല യുവതീപ്രവേശം വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഓരോ ക്ഷേത്രത്തിനും അതിന്‍റേതായ ആചാരങ്ങളുണ്ടെന്നും ഇത് വിശ്വാസികളുടെ വിജയമെന്നും മുരളീധരന്‍ പറഞ്ഞു. ഏഴംഗ ബെഞ്ചിന്‍റെ വിധി വരും വരെ ശബരിമലയിലെ ആചാരം നിലനിൽക്കണമെന്നും അതിന്‍റെ ബാധ്യത സര്‍ക്കാരിനുണ്ടെന്നും മുരളീധരന്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികരിച്ചു. വിധി നടപ്പിലാക്കുന്നു എന്ന് പറഞ്ഞ് അരാജക വാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. 

ഈ വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിയണം. വിശ്വാസികള്‍ അല്ലാത്തവരെയാണ് ശബരിമലയിൽ കയറ്റിയത്. അരാജകവാദികളെ കൊണ്ടുവന്നിട്ടാണോ വിധി നടപ്പാക്കേണ്ടത്. സർക്കാരിന് അരാജകവാദികളെ കൊണ്ടുവരാം എന്ന് വിധിയിൽ പറഞ്ഞിട്ടില്ല. ശബരിമലയിലെ ആചാരം തടയാൻ ശ്രമിക്കുന്നവരെ ഭക്തർ പ്രതിരോധിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

എന്നാല്‍ ശബരിമലയിലെ യുവതീപ്രവേശനം പുനപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീംകോടതി മുന്‍വിധി സ്റ്റേ ചെയ്‍തിട്ടില്ല. അതുകൊണ്ട് തന്നെ വിശാല ബെഞ്ച് പരിഗണിക്കും വരെ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രംകോടതിയുടെ മുന്‍വിധിയില്‍ മാറ്റമുണ്ടാകില്ല. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി, വിധി പുനപരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിട്ടത്.

ശബരിമല കേസിലെ യുവതീപ്രവേശനം അനുവദിക്കുന്നതും മുസ്ലീംപള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും അടക്കം കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് വിട്ടു കൊണ്ട് ലിംഗ ഭേദമന്യേ രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും എല്ലാവര്‍ക്കും പ്രവേശിക്കാമോ എന്ന കാര്യത്തില്‍ ഒരൊറ്റ വിധിയാണ് ഇനി വരാന്‍ പോകുന്നത്. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെടുന്ന വിശാലമായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത് എന്നതിനാല്‍ വരാനിരിക്കുന്ന വിധി അതീവപ്രാധാന്യമുള്ളതാണ്.