തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ സംസ്ഥാന സർക്കാർ മറച്ചുവെക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പദ്ധതിക്കായി കേന്ദ്ര സർക്കാരിൽ നിന്ന് എത്ര വിഹിതം കിട്ടിയെന്ന് വ്യക്തമാക്കണം. ലൈഫ് സംസ്ഥാന സർക്കാരിന്‍റെ സ്വന്തം പദ്ധതിയായി ചിത്രീകരിക്കുകയാണെന്നും വി മുരളീധരൻ ആരോപിച്ചു.

നേരത്തെ പിണറായി സര്‍ക്കാരിന്‍റെ പദ്ധതിയെന്ന നിലയില്‍ ലൈഫ് പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനെതിരെ യുഡിഎഫും രംഗത്തെത്തിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽപ്പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്‍റെ മിടുക്കല്ലെന്നും പിണറായി സർക്കാർ പദ്ധതിയെന്ന അവകാശവാദം തന്നെ വലിയ കളവാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 

അതേ സമയം ലൈഫ് മിഷൻ പദ്ധതിപ്രകാരം സംസ്ഥാനത്ത് 2,14262 വീടുകൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് ലൈഫ് പദ്ധതിപ്രകാരം വീട് ലഭിച്ച 35,000ഓളം പേരെ സാക്ഷിയാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 2017ൽ തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ രണ്ട് ലക്ഷം കടന്നത്. പദ്ധതിക്കെതിരെ നിലപാടെടുത്ത പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്.