രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം കടന്നതും ബെനാമി കള്ളപ്പണ ഇടപാടുകൾ പുറത്ത് വന്നതും തങ്ങളുടെ അന്വേഷണത്തിലെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

കൊച്ചി: കരുവന്നൂർ, കണ്ടല, പുൽപ്പള്ളി ബാങ്കുകളിൽ സഹകരണ വകുപ്പ് കണ്ടെത്തിയതിനപ്പുറം പുതുതായി ഒന്നും ഇഡി കണ്ടെത്തിയിട്ടില്ലെന്ന് സഹകരണമന്ത്രി വി എൻ വാസവൻ. എന്നാൽ മന്ത്രിയുടെ വാദം പൂർണ്ണമായി തള്ളുകയാണ് എൻഫോഴ്സെമന്‍റ് ഡയറക്ട്രേറ്റ്. രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം കടന്നതും ബെനാമി കള്ളപ്പണ ഇടപാടുകൾ പുറത്ത് വന്നതും തങ്ങളുടെ അന്വേഷണത്തിലെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി നടത്തുന്ന അന്വേഷണത്തെ മന്ത്രി തള്ളുകയാണ്. എന്നാൽ, ഈ വാദത്തെ ഇഡി പൂര്‍ണ്ണമായും തള്ളി. സാധാരണ ബാങ്ക് ക്രമക്കേട് മാത്രമായി അവസാനിപ്പിക്കാനിരുന്ന കേസുകളിലെ ഉന്നതർ പുറത്ത് വന്നത് തങ്ങളുടെ അന്വേഷണത്തിലാണെന്നാണ് ഇഡി വാദിക്കുന്നത്. ബെനാമി വായ്പകൾക്ക് പിന്നിലുള്ള ഉന്നതരിലേക്ക് സഹകരണ വകുപ്പോ സംസ്ഥാന പൊലീസോ പോയിട്ടില്ല. ഇഡി പ്രതിയാക്കിയ 55 പേരിൽ 37 പേരും പുതുതായി പുറത്ത് വന്ന പ്രതികളാണ്. കരുവന്നൂർ ബാങ്കിൽ നിന്ന് 28 കോടി രൂപയുടെ ബെനാമി വായ്പ നേടിയ പി പി കിരൺ ആരുടെയും ചിത്രത്തിലുണ്ടായിരുന്നില്ല. ബെനാമി ലോണുകളെല്ലാം നിയന്ത്രിച്ച സതീഷ് കുമാർ, സതീഷ് കുമാറിനായി ഇടപാടുകൾ നിയന്ത്രിച്ച സിപിഎം നേതാവ് അരവിന്ദാക്ഷൻ എന്നിവരെല്ലാം സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിന് പുറത്തുള്ളവരാണെന്നും ഇഡി പറയുന്നു. 

YouTube video player

കരുവന്നൂരിൽ ബെനാമി ലോൺ അനുവദിക്കാൻ സിപിഎമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നുവെന്നും 35 ആം പ്രതിയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സി കെ ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നും കണ്ടെത്തിയതും ഇഡിയാണ് കണ്ടെത്തിയത്. ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നി‍ർദ്ദേശം നൽകിയതിന് ഉന്നത ഇടപെടലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യഘട്ട കുറ്റപത്രം നോക്കി പുതുതായി ഒന്നുമില്ലെന്ന് പറയാൻ വരട്ടെ എന്നും അന്വഷണം അവസാനിക്കുമ്പോൾ മുഴുവൻ വസ്തുതയും പുറത്ത് വരുമെന്നും ഇഡി വ്യക്തമാക്കുന്നുണ്ട്.