Asianet News MalayalamAsianet News Malayalam

വിഎസിന് 97ാം പിറന്നാൾ; ആഘോഷങ്ങളൊഴിവാക്കി കുടുംബം

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100 വയസ് തൊടുമ്പോൾ രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റിന് 97 വയസ്.   പ്രസംഗങ്ങളും, പ്രചാരണങ്ങളുമില്ലെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവനകളിലൂടെ വിഎസ് ഇന്നും ലോകത്തോട് നിലപാട് പറയുന്നു. 

V S Achuthanandan celebrate his birthday
Author
Trivandrum, First Published Oct 20, 2020, 6:19 AM IST

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാൾ.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അതിഥികളെയും ഉറ്റവരെയും ഒഴിവാക്കി ആഘോഷങ്ങളില്ലാത്ത പിറന്നാൾ ദിനമാണ് വി എസിന്. എട്ട് പതിറ്റാണ്ട് നീണ്ട പോരാട്ടവഴികളിൽ നിന്നും വിശ്രമത്തിലേക്ക് മാറിയ വർഷമാണ് കടന്നുപോയത്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100 വയസ് തൊടുമ്പോൾ രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റിന് 97 വയസ്.   പ്രസംഗങ്ങളും, പ്രചാരണങ്ങളുമില്ലെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവനകളിലൂടെ വിഎസ് ഇന്നും ലോകത്തോട് നിലപാട് പറയുന്നു. അപ്പോഴും ജനങ്ങളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് ജനങ്ങളുടെ വികാരം ഉച്ചത്തിൽ വിളിച്ചുപറയുന്ന വിഎസിന്‍റെ പൊതുവേദികളിലെ അസാന്നിദ്ധ്യം  സംഭവബഹുലമായ ഈ കാലഘട്ടത്തിൽ ഉണ്ടാക്കുന്ന ശൂന്യത ചെറുതല്ല. 

കേരളകോണ്‍ഗ്രസ് എമ്മിന്‍റെ എൽഡിഎഫ് പ്രവേശനം, സ്വർണ്ണക്കടത്ത് വിവാദങ്ങൾ,സ്പ്രിംഗ്ലർ, കണ്‍സൾട്ടൻസികൾ അടക്കം ഇടത് നയവ്യതിയാനങ്ങൾ, ഒരുവ്യക്തിയിലേക്ക് ചുരുങ്ങുന്ന സിപിഎം രാഷ്ട്രീയം,ദേശീയ തലത്തിൽ കേന്ദ്രസർക്കാരിന്‍റെ വിവാദ നിലപാടുകൾ . പാർട്ടിക്കുള്ളിലും പുറത്തും ശരികേടുകളോട് കലഹിച്ച വിഎസിന്‍റെ  വാക്കുകൾ കേരളം പ്രതീക്ഷിക്കുന്ന എത്രഎത്ര സംഭവങ്ങൾ.

വിഎസിന്‍റെ തകർപ്പൻ പ്രസംഗങ്ങൾ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞോടുന്നതാണ് അണികൾക്കും ആരാധകർക്കും ഇന്നും ആവേശം. 2001ൽ പ്രതിപക്ഷ നേതാവായത് മുതലാണ് വിഎസിന്‍റെ പിറന്നാളും പൊതുകാര്യമാകുന്നത്. കഴിഞ്ഞ 19 വർഷമായി തുടരുന്ന പിറന്നാൾ കാഴ്ച്ചകളൊന്നും ഇത്തവണയില്ല. വിഎസിന്‍റെ പിറന്നാൾ വീട്ടിലെ കേക്കുമുറിക്കലിൽ ചുരുക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. 

ഡോക്ടർമാരുടെ നിർദ്ദേശവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കുടുംബാംഗങ്ങൾ അതിഥികളെ ഒഴിവാക്കുന്നത്. പ്രായാധിക്യത്തിൽ അനിവാര്യമായ വിശ്രമത്തിലേക്ക് വിഎസ് മാറുമ്പോൾ പാർട്ടിക്കുള്ളിലും പുറത്തും വിഎസിന് പകരം വിഎസ് മാത്രം.
 

Follow Us:
Download App:
  • android
  • ios