തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം  ലളിതമായി പിറന്നാള്‍ ആഘോഷിച്ച് രാജ്യത്തെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്‍. സ്വവസതിയായ കവടിയാറില്‍ വച്ച് 96 ആം ജന്മദിനമാണ് ആഘോഷിച്ചത്. ഭാര്യ വസുമതി കേക്ക് മുറിച്ച് വി എസിന് നല്‍കി. കേക്ക് മുറിച്ചതിന് പിന്നാലെ ആളുകളോട് അദ്ദേഹം നന്ദിയും പറഞ്ഞു. വി എസിന്‍റെ ജന്മദിനമായ ഇന്ന് രാവിലെ മുതല്‍ ആശംസകള്‍ അറിയിക്കാനായി നിരവധിപേര്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയിരുന്നു. വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തും നിരവധി സിപിഎം നേതാക്കളും വീട്ടിലെത്തിയിട്ടുണ്ട്. 

1923 ഒക്ടോബര്‍ 20നാണ് വേലിക്കകത്ത് ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി വിഎസിന്‍റെ ജനനം. നാല് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. 11ാം വയസ്സില്‍ അച്ഛന്‍ മരിച്ചപ്പോള്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി. സഹോദരനൊപ്പം തയ്യല്‍ ജോലിയും പിന്നീട് കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. കയര്‍ ഫാക്ടറിയിലെ തൊഴിലാളി ജീവിതമാണ് വിഎസിനെ നേതാവാക്കുന്നത്. 1946ലെ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്ത വിഎസിന് കടുത്ത പൊലീസ് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എല്‍ഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വിഎസ്, 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ഉറച്ചുനിന്നു. 1964ല്‍ ഇറങ്ങിപ്പോന്നവരില്‍ ജീവിച്ചിരിക്കുന്ന നേതാവും വിഎസ് തന്നെ. നിലവില്‍ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനാണ് വിഎസ്.