എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിനാണ് മന്ത്രിയുടെ നിര്‍ദേശം. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദ് മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് ശ്രമിച്ചത്. ഈ പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രിസഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുദ്രാവാക്യം വിളിയുമായി മുഖ്യമന്ത്രിയുടെ അടുത്തേക്കെത്തിയ ഇരുവരേയും എല്‍ഡിഎഫ് കണ്‍വീനറും മുന്‍ മന്ത്രിയുമായ ഇപി ജയരാജനാണ് തള്ളിമാറ്റിയത്. 

Read More : 'വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം'; വ്യോമയാന മന്ത്രിക്ക് എഎ റഹീം എംപിയുടെ പരാതി

അതേസമയം മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ ആക്രമിച്ചെന്നും മുഖ്യമന്ത്രിയുടെ പി എ വി എം സുനീഷ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും പി എ വി എം സുധീഷിനും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകളുണ്ട്.

കണ്ണൂരിലെ യാത്രകളിൽ വഴിനീളെയുണ്ടായ പ്രതിഷേധങ്ങൾക്ക് പുറകെയാണ് വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. വിമാനത്തിനുള്ളിലെ ആക്രമണം ആസൂത്രിതമാണ്. സംഭവത്തെ കോൺഗ്രസ് നേതൃത്വം പിന്തുണച്ചത് ആസൂത്രണത്തിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാപം ലക്ഷ്യമിടുന്ന സമരത്തിന്‍റെ ഭാഗമാണിത്. നാട്ടിലാകെ കുഴപ്പമുണ്ടാക്കാനും സർക്കാരിനെ സ്നേഹിക്കുന്നവരെ പ്രകോപിപ്പിക്കാനുമാണ് ശ്രമം. അതിന് ബിജെപിയുടെ പിന്തുണയും ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

Read More : വിമാനത്തിൽ പ്രതിഷേധിക്കാൻ ടിക്കറ്റെടുത്തത് 36000 രൂപയ്ക്ക്; ഒടുവിൽ ജാമ്യമില്ലാ കേസിൽ അറസ്റ്റിൽ