അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ 'അങ്ങനെ ഒരു വിക്കറ്റ് കൂടി' എന്ന പരാമര്‍ശം മന്ത്രി നടത്തിയിരുന്നു.
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ ഒരു സന്തോഷവുമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു വിക്കറ്റ് കൂടി എന്ന പരാമര്‍ശം വിക്കറ്റെണ്ണി ശീലിച്ചവരോട് ചൂണ്ടിക്കാട്ടിയതാണ്. മടുത്ത എംപിമാരെ എങ്കിലും കൂടെ നിര്‍ത്താനുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നത് നന്നായിരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. 'വിക്കറ്റെണ്ണി ശീലിച്ചവരോട് അതൊന്ന് ചൂണ്ടിക്കാട്ടിയതേ ഉള്ളൂ. നമുക്കൊരു സന്തോഷവുമില്ല. മടുത്ത എംപിമാരെ എങ്കിലും കൂടെ നിര്‍ത്താനുള്ള പ്രവര്‍ത്തനം അവിടെ ഉണ്ടാകുന്നത് നന്നായിരിക്കും.' വി ശിവന്‍കുട്ടി പറഞ്ഞു.
അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ 'അങ്ങനെ ഒരു വിക്കറ്റ് കൂടി' എന്ന പരാമര്‍ശം മന്ത്രി നടത്തിയിരുന്നു. അതില്‍ 'ബിജെപിയിലേക്ക് ആരെങ്കിലും പോയാല്‍ സംഘികളേക്കാള്‍ സന്തോഷം സഖാക്കള്‍ക്ക്' എന്ന പ്രതികരണം വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ശിവന്‍കുട്ടിയുടെ മറുപടി.
അതേസമയം, അനില്‍ ആന്റണിയെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുനിന്നും മത്സരിപ്പിക്കാനാണ് ബിജെപി ആലോചന. അനിലിന് പിന്നാലെ പലരും ഇനിയുമെത്തുമെന്നും ബിജെപി പ്രചാരണമുണ്ട്. അനിലിനെ പൂര്‍ണ്ണമായും തള്ളിപ്പറയുമ്പോഴും നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന നേതാക്കളുടെ ഇനിയുള്ള നീക്കങ്ങളില്‍ കോണ്‍ഗ്രസിന് ആശങ്ക ബാക്കിയാണ്. ആന്റണിയുടെ മകനെ പാര്‍ട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമായി ബിജെപി കാണുന്നു. എല്ലാ കാലത്തും ബിജെപിയെ ശത്രുപക്ഷത്ത് നിര്‍ത്തിയ അതികായന്റെ മകന്റെ വരവില്‍ പാര്‍ട്ടിക്ക് കണക്ക് കൂട്ടലേറെ. കോണ്‍ഗ്രസില്‍ ഐടി വിഭാഗത്തിലെ സേവനത്തെക്കാള്‍ എകെയുടെ മകന്‍ എന്ന നിലക്കുള്ള കൂടുതല്‍ പരിഗണന നല്‍കാനാണ് ബിജെപി ആലോചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തോ ചാലക്കുടിയിലോ അനിലിനെ ഇറക്കാന്‍ വരെ സാധ്യതയേറെ.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് കോണ്‍ഗ്രസിലെ പ്രമുഖരായ ചിലര്‍ ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അനിലിന്റെ വരവ് തുടക്കമായി ബിജെപി പറയുന്നു. അച്ഛനെ ചതിച്ച മകന്‍ എന്ന നിലക്കാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ അനിലിനെ പഴിക്കുന്നത്. അപ്പോഴും വികാരാധീനനായി മകനെ തള്ളിപ്പറഞ്ഞ ആന്റണിയുടെ നീറ്റല്‍ പാര്‍ട്ടിയെയും ഏറെ നാള്‍ അസ്വസ്ഥപ്പെടുത്തും. വൈകാരിക പ്രതികരണങ്ങള്‍ക്കപ്പുറത്ത് നേതൃത്വത്തിനെതിരായ അനിലിന്റെ വിമര്‍ശനങ്ങളിലമുണ്ട് പാര്‍ട്ടിക്ക് ആശങ്ക.
നേതാവിനെ ചുറ്റും കറങ്ങുന്ന പാര്‍ട്ടി എന്ന അനില്‍ ഉന്നയിച്ച വിമര്‍ശനം അനിലിന്റെ മെന്ററായിരുന്ന ശശി തരൂര്‍ മുമ്പ് പലതവണ ആവര്‍ത്തിച്ചതാണ്. പാര്‍ട്ടിയുടെ പോക്കിലെ അതൃപ്തി മുരളിയടക്കമുള്ളവരും നിരവധി വട്ടം പരസ്യമാക്കിയതാണ്. ബിജെപിയിലേക്കുള്ള ചേക്കേറല്‍ ചോദ്യങ്ങള്‍ തരൂര്‍ പലകാലത്തും മുരളി അടുത്തിടെ ലീഡറുടെ പാരമ്പര്യം ഓര്‍മ്മിപ്പിച്ചുമാണ് തള്ളിയത്. എതിര്‍പ്പുള്ളവര്‍ ഉടന്‍ ബിജെപിയിലേക്ക് പോകുമെന്നല്ലെങ്കിലും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാകാത്തതും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ മക്കള്‍ പോലും എതിര്‍ചേരിയിലേക്ക് പോകുന്നതും എളുപ്പത്തില്‍ പറഞ്ഞുനില്‍ക്കാനാകാത്ത സ്ഥിതിയാണ്.
