Asianet News MalayalamAsianet News Malayalam

'യുപിയിലും മധ്യപ്രദേശിലും 2,000 രൂപ.. കേരളത്തില്‍ 12,000'; കണക്കുകള്‍ നിരത്തി മന്ത്രി 

ആം ആദ്മി ഭരിക്കുന്ന പഞ്ചാബില്‍ 3,000 രൂപയും ഡല്‍ഹിയില്‍ 1,000 രൂപയുമാണ് നല്‍കുന്നതെന്ന് ശിവന്‍കുട്ടി അറിയിച്ചു.

v sivankutty reply to school meal programme allegations joy
Author
First Published Dec 17, 2023, 7:02 PM IST

തിരുവനന്തപുരം: കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. പാചക തൊഴിലാളികള്‍ക്ക് പ്രതിമാസം നല്‍കുന്ന വേതനം സംബന്ധിച്ചാണ് കണക്കുകള്‍ നിരത്തി കൊണ്ടുള്ള മന്ത്രിയുടെ മറുപടി. ഓരോ സംസ്ഥാനവും എത്ര തുക പ്രതിമാസം പാചകത്തൊഴിലാളികള്‍ക്ക് നല്‍കുന്നു എന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട രേഖകള്‍ പ്രകാരമാണ് മന്ത്രിയുടെ പ്രതികരണം. 

പാചക തൊഴിലാളികള്‍ക്ക് കേരളം പ്രതിമാസം നല്‍കുന്നത് 12,000 രൂപയാണ് എന്നാണ് കേന്ദ്രത്തിന്റെ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും 12,000 മുതല്‍ 13,500 രൂപ വരെ കേരളം നല്‍കുന്നുണ്ട്. തമിഴ്‌നാട് മാത്രമാണ് കേരളത്തിന്റെ വേതന നിരക്കിനോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 2,500 രൂപയും ഉത്തര്‍പ്രദേശില്‍ 2,000 രൂപയുമാണ്. ആം ആദ്മി ഭരിക്കുന്ന പഞ്ചാബില്‍ 3,000 രൂപയും ഡല്‍ഹിയില്‍ 1,000 രൂപയുമാണ് നല്‍കുന്നതെന്ന് ശിവന്‍കുട്ടി അറിയിച്ചു.

മന്ത്രി ശിവന്‍കുട്ടിയുടെ കുറിപ്പ്: എല്ലാകാലവും സത്യം മറച്ചുവെയ്ക്കാനാവില്ല...കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന കുപ്രചരണങ്ങളില്‍ ഒന്നിന് കേന്ദ്രസര്‍ക്കാര്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. എ.എ. റഹീം എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര മന്ത്രി അന്നപൂര്‍ണ്ണ ദേവി നല്‍കിയ മറുപടിയില്‍ എത്ര പ്രാധാന്യത്തോടെയാണ് കേരളം പദ്ധതിയെ കാണുന്നത് എന്നത് വ്യക്തമാണ്. പാചക തൊഴിലാളികളുടെ വേതനം സംബന്ധിച്ചായിരുന്നു ചോദ്യം. അതിനുള്ള മറുപടിയായി ഓരോ സംസ്ഥാനവും എത്ര തുക പ്രതിമാസം പാചകത്തൊഴിലാളികള്‍ക്ക് നല്‍കുന്നു എന്ന കണക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. പാചകത്തൊഴിലാളികള്‍ക്കുള്ള വേതനമായി കേന്ദ്രം പ്രതിമാസം 600 രൂപ നല്‍കുമ്പോള്‍ സംസ്ഥാനം നല്‍കേണ്ടത് 400 രൂപയാണ്. അങ്ങിനെ പാചകത്തൊഴിലാളിയ്ക്ക് ആകെ മാസം നല്‍കേണ്ട തുക വ്യവസ്ഥകള്‍ പ്രകാരം  1,000(ആയിരം) രൂപയാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനില്‍ 1,742 രൂപയും ഭരിച്ചുകൊണ്ടിരിക്കുന്ന കര്‍ണാടകയില്‍ 3,700 രൂപയും ആണ് നല്‍കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത് ബിജെപി തുടര്‍ഭരണം നേടിയ മധ്യപ്രദേശില്‍ 2,000 രൂപയാണ് നല്‍കുന്നത്. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 2,500 രൂപയും ഉത്തര്‍പ്രദേശില്‍ 2,000 രൂപയുമാണ്. ആം ആദ്മി ഭരിക്കുന്ന പഞ്ചാബില്‍ 3,000 രൂപയും ഡല്‍ഹിയില്‍ 1,000 രൂപയും നല്‍കുന്നു.

എന്നാല്‍ പാചക തൊഴിലാളികള്‍ക്ക് കേരളം പ്രതിമാസം നല്‍കുന്നത് 12,000 രൂപയാണ് എന്നാണ് കേന്ദ്രത്തിന്റെ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എങ്കിലും 12,000 മുതല്‍ 13,500 രൂപ വരെ കേരളം നല്‍കുന്നുണ്ട്. തമിഴ്‌നാട് മാത്രമാണ് കേരളത്തിന്റെ വേതന നിരക്കിനോട് ചേര്‍ന്ന് നില്‍ക്കുന്നത്. നുണ പ്രചാരണങ്ങളില്‍ കുടുങ്ങാതിരിക്കുക. കണക്കുകള്‍ ആണ് കഥ പറയുന്നത്.

12 ജില്ലകളിലെ 3 ലക്ഷം യുവജനങ്ങളുടെ സംഗമം 23ന്; തിരുവനന്തപുരം, എറണാകുളം ജില്ലകളിലേത് ജനുവരിയില്‍ 

 

Latest Videos
Follow Us:
Download App:
  • android
  • ios