കോൺഗ്രസിന്റെ ഒരു മുഖമായ അടൂർ പ്രകാശിൽ നിന്നുമുണ്ടായത് നിന്ദ്യവും നീചവും ഒരിക്കലും പാടില്ലാത്ത പ്രസ്താവനയാണെന്നും തെരെഞ്ഞെടുപ്പിൽ ഇത് ജനം ചർച്ചചെയ്യുമെന്നും ശിവൻകുട്ടി തുറന്നടിച്ചു. 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ, ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ മന്ത്രി വി. ശിവൻകുട്ടി. കോൺഗ്രസിന്റെ ഒരു മുഖമായ അടൂർ പ്രകാശിൽ നിന്നുമുണ്ടായത് നിന്ദ്യവും നീചവും ഒരിക്കലും പാടില്ലാത്ത പ്രസ്താവനയാണെന്നും തെരെഞ്ഞെടുപ്പിൽ ഇത് ജനം ചർച്ചചെയ്യുമെന്നും ശിവൻകുട്ടി തുറന്നടിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന പ്രത്യാശയും ശിവൻകുട്ടി പ്രകടിപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ 55 നും 60നും ഇടയിൽ സീറ്റ് ഇടത് പക്ഷം നേടും. ബി ജെ പി തകർന്നടിയും. കവടിയാറും ശാസ്‌തമംഗലത്തും അട്ടിമറി വിജയം നേടും. ശബരിമല സ്വർണ കേസൊന്നും ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി. ഡി സതിശനെ വെല്ലുവിളിച്ച് വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി ചോദിച്ച 13 ചോദ്യങ്ങൾക്ക് ആദ്യം കാര്യ കാരണസഹിതം പറയണമെന്നും ആവശ്യപ്പെട്ടു. എന്തിനും പ്രതികരിക്കുന്നയാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയണം. ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ പോര. കൃത്യമായ കാരണവും കാണിക്കണം. മുഖ്യമന്ത്രി ഇന്നേവരെ പ്രതിപക്ഷത്തോട് ചോദ്യങ്ങൾ ചോദിച്ചിട്ടില്ല. നട്ടെല്ലുഉളവർ സ്വർണ കൊള്ളയിൽ തെളിവ് കൊടുക്കട്ടെ. എല്ലാത്തിനെയും എൽഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഒഴിവാക്കാമായിരുന്നു’

വോട്ടെടുപ്പ് ദിനത്തിൽ ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനറുടെ അഭിപ്രായ പ്രകടനം ഒഴിവാക്കാമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. പാർട്ടി നിലപാട് താൻ വിശദീകരിച്ചതാണെന്നും കോൺഗ്രസ് അതിജീവിതക്കൊപ്പമാണെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷ ആണെന്നും കെപിസിസി പ്രസിഡന്റ് പറയുന്നു.

അടൂർ പ്രകാശിന്റെ പ്രതികരണം 

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് അടൂർ പ്രകാശിൻ്റെ പ്രതികരണം ഉണ്ടായത്.