തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ട തിരിച്ചടിയിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്നും ജനവിധി മാനിക്കുന്നുവെന്നും എന്നാൽ അടിയൊഴുക്കുകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: എം എം മണിയുടെ വിവാദ പരാമർശത്തെ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനങ്ങളെ ആക്ഷേപിച്ചത് ശരിയായില്ലെന്നും അത് പാർട്ടിയുടെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ട കനത്ത തിരിച്ചടിയിലും പ്രതികരണം. പ്രതീക്ഷിച്ച ഫലം കിട്ടിയില്ല. ജനങ്ങളുടെ വിധിയെ മാനിക്കുന്നു. ശക്തമായി പാർട്ടിയും മുന്നണിയും തിരിച്ചുവരും. ബിജെപിയുടെ കടന്നുകയറ്റം മതനിരപേക്ഷതയെ ആശങ്കപ്പെടുത്തുന്നതാണ്. 58 ശതമാനം വോട്ടേ ചെയ്തിട്ടുള്ളൂ. സിപിഎമ്മിന്റെ അടിത്തറക്ക് കോട്ടം തട്ടിയിട്ടില്ല. ആത്മ വിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഏതെങ്കിലും തരത്തിൽ അടിയോഴുക്കകൾ ഉണ്ടായോ എന്ന് പരിശോധിക്കണം. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചു. പ്രീ പോൾ ഫലം വോട്ടെടുപ്പിന് മുൻപ് പുറത്തു വിട്ടു. ഇത് ഇലക്ഷന് കമ്മീഷൻ ഗൗരവത്തോടെ കണ്ടില്ലെന്നും ഇതിൽ നടപടി വേണമെന്നും സ്ഥാനാർഥി നിർണായത്തിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉള്ളൂരിൽ വിമതൻ വന്നെങ്കിലും സിപിഎം ആണ് ജയിച്ചത്. ആര്യ രാജേന്ദ്രൻ പാർട്ടിക്ക് വിധേയമായാണ് പ്രവർത്തിച്ചത്. ആര്യയെ പ്രചാരണ രംഗത്ത് നിന്ന് ഒഴിവാക്കിട്ടില്ല. മൂന്ന് വാർഡുകളുട ചുമതല നൽകിയിരുന്നു. ഇടക്ക് ഒരാഴ്ച ആര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും ആര്യയുടെ പ്രവർത്തന ശൈലി സംബന്ധിച്ച ഒരു പരാതിയും വന്നിട്ടില്ലെന്നും മന്ത്രി. ഗായത്രി ബാബുവിന്റെ ആര്യക്കെതിരായ പോസ്റ്റ് ശരിയായില്ല. പാർട്ടി ഇത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


