എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ എ വിജയരാഘവനെ പരിഹസിച്ച് തൃത്താല എംഎല്‍എ വി ടി ബല്‍റാം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിനെ ന്യായീകരിച്ച എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ എ വിജയരാഘവനെ പരിഹസിച്ച് തൃത്താല എംഎല്‍എ വി ടി ബല്‍റാം. ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോയെന്ന് ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോയെന്നും അച്ചൻകൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നുവെന്നും ബല്‍റാം ചോദിക്കുന്നു. ബസ് സ്റ്റോപ്പിൽ ബസ് വന്ന് നിൽക്കും എന്നാല്‍ ഫുൾ സ്റ്റോപ്പിൽ ഫുള്ള് വന്ന് നിൽക്കുമോയെന്നും ബല്‍റാം പരിഹസിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനേയും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.
ഉത്തരം എഴുത്തിയിട്ടില്ലാത്ത ഉത്തരക്കടലാസ് മുറിക്കടലാസാണെന്നും അതിന് വെള്ളക്കടലാസിന്‍റെ വിലയേയുള്ളൂവെന്നും പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനറിന്‍റെ പരാമര്‍ശം
വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?
ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോ?
അച്ചൻകൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നു?
ബസ് സ്റ്റോപ്പിൽ ബസ് വന്ന് നിൽക്കും, ഫുൾ സ്റ്റോപ്പിൽ ഫുള്ള് വന്ന് നിൽക്കുമോ?
സീബ്രാലൈനിൽ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ?
ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ?
ജസ്റ്റ് കമ്മി കൺവീനർ തിങ്സ്
