വീട്ടിലെ ഗൃഹനാഥന്‍ ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയയായിരുന്നു അര്‍ബന്‍ ബാങ്കിന്‍റെ ജപ്തി നടപടി.

പാലക്കാട്: കേരളം ചര്‍ച്ച ചെയ്യുന്ന രണ്ട് വിഷയങ്ങളില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എ വി ടി ബല്‍റാം. അപ്പത്തിനും മുട്ടറോസ്റ്റിനും അമിത വില ഈടാക്കിയെന്ന പരാതി ഉയര്‍ത്തിയ ചിത്തരഞ്ജൻ എംഎൽഎയെയും ഗൃഹനാഥന്‍ ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയുള്ള അര്‍ബന്‍ ബാങ്കിന്‍റെ ജപ്തി നടപടിക്കെതിരെ പൂട്ട് പൊളിച്ച മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയെയുമാണ് ബല്‍റാം താരതമ്യം ചെയ്തിട്ടുള്ളത്. ഇരു എംഎല്‍എമാരുടെയും ചിത്രം സഹിതമാണ് മുന്‍ എംഎല്‍എയും ഫേസ്ബുക്ക് പോസ്റ്റ്.

ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ 

പൂട്ടടിച്ച് പൊളിച്ച് കുരുന്നുകൾക്ക് വീട് തിരിച്ചുനൽകുന്ന കോൺഗ്രസ് ജനപ്രതിനിധി
പുട്ടടിച്ച് മുട്ട റോസ്റ്റിന്റെ പൈസ അണ്ണൻ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ് ജനപ്രതിനിധി

മാത്യൂ കുഴല്‍നാടന്‍റെ പൂട്ട് പൊളിക്കല്‍

വീട്ടിലെ ഗൃഹനാഥന്‍ ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയയായിരുന്നു അര്‍ബന്‍ ബാങ്കിന്‍റെ ജപ്തി നടപടി. പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴായിരുന്നു അര്‍ബന്‍ ബാങ്കിന്‍റെ ജപ്തി നടപടി.

ഈ സമയത്ത് നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു വീട്ടുകാരെ അകത്തു കയറ്റുകയായിരുന്നു. ബാങ്ക് നടപടി നീട്ടിവെയ്ക്കണമെന്ന് നാട്ടുകാര്‍ അഭ്യര്‍ത്ഥിച്ച് നോക്കിയിരുന്നെങ്കിലും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ജപ്തി ചെയ്ത് അധികൃതര്‍ പോവുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുഴല്‍നാടന്‍ എംഎല്‍എ വീടിന്‍റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്ത് കയറ്റി.

ബാങ്കിന്‍റെ പ്രതികരണം

മാത്യു കുഴല്‍നാടന്‍ എംഎൽഎയുടെ നടപടിക്ക് എതിരെ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ രംഗത്ത് വന്നു. എം എൽ എയ്ക്ക് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്നു. കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി നടത്തി എന്ന ആരോപണം ശരിയല്ലെന്നും ഗോപി കോട്ടമുറിയ്ക്കൽ പറഞ്ഞു.

അപ്പത്തിനും മുട്ട റോസ്റ്റിനും തീവില

അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെയാണ് ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന്‍ പരാതി നല്‍കിയത്. ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലിപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല.

വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.

ഹോട്ടലിന്‍റെ പ്രതികരണം

അപ്പത്തിനും മുട്ടറോസ്റ്റിനും അമിത വില ഈടാക്കിയെന്ന ചിത്തരഞ്ജൻ എംഎൽഎയുടെ പരാതിയിൽ ഹോട്ടലുടമ മറുപടി നല്‍കിയിരുന്നു. സാധാരണ മുട്ടറോസ്റ്റിൽ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ മുട്ടറോസ്റ്റെന്നും അതിൽ അണ്ടിപ്പരിപ്പും മുന്തിരിയുമടക്കം ചേ‍ർത്താണ് ഉണ്ടാക്കുന്നതെന്നും ഹോട്ടൽ ഉടമ പ്രതികരിച്ചു. 

മുട്ട റോസ്റ്റിനു 50 രൂപ ഈടാക്കിയ ഹോട്ടലിനെതിരേ എംഎല്‍എ കളക്ടര്‍ക്കു നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് ഹോട്ടലുടമ വിശദാകരണം നൽകിയത്. ചേര്‍ത്തല താലൂക്ക് സപ്ലൈഓഫീസര്‍ ആര്‍. ശ്രീകുമാരനുണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

ഭക്ഷണം കഴിക്കാനിരിക്കുന്ന ഓരോ മേശയിലും വിലയടക്കമുള്ള മെനു കാർഡ് വച്ചിട്ടുണ്ട്. ​ഗുണനിലവാരത്തിന് ആനുപാതികമായാണ് വില ഈടാക്കുന്നതെന്നും ഉടമ പറഞ്ഞു. 1.70 ലക്ഷം വാടകയിനത്തിലും ഒരുലക്ഷം രൂപ വൈദ്യുതിനിരക്കായും ചെലവുണ്ടെന്ന് വില വിവാധമായതോടെ ഹോട്ടൽ അധികൃത‍ർ പ്രതികരിച്ചിരുന്നു. വില നിലവാരം സംബന്ധിച്ച് കളക്ടര്‍ക്ക് ജില്ലാ സപ്ലൈഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി.