മെഡിക്കല്‍ കോഴ അരോപണത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനായിരുന്നു ബി ജെ പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും വി വി രാജേഷിനെ നീക്കിയത്.
മെഡിക്കൽ കോഴ വിവാദത്തെ തുടർന്ന് ബിജെപി സംഘടനാ ചുമതലയിൽ നിന്നും തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തായ വി വി രാജേഷിനെ ബിജെപിയിലേക്ക് തിരിച്ചെടുത്തു. വി വി രാജേഷിനെ സംസ്ഥാന കമ്മിറ്റിയിൽ തിരികെ ഉൾപ്പെടുത്താൻ ബിജെപി തീരുമാനിച്ചു.
മെഡിക്കല്‍ കോഴ അരോപണത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനായിരുന്നു ബി ജെ പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും വി വി രാജേഷിനെ നീക്കിയത്. കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം മുൻ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനായിരുന്നു നടപടിയെടുത്തത്. സംഘടനാ ചുമതല നഷ്ടമായതിന് ശേഷം പാർട്ടി പരിപാടികളിലൊന്നും വി വി രാജേഷിനെ പങ്കെടുപ്പിച്ചിരുന്നില്ല. പരിപാടികളിൽ പങ്കെടുക്കേണ്ട എന്ന് വി വി രാജേഷിന് നിർദ്ദേശവും ഉണ്ടായിരുന്നു. ഫലത്തിൽ പാർട്ടിയിൽ നിന്ന് പുറത്തായ മട്ടിൽ തന്നെയായിരുന്നു രാജേഷ്.
വർക്കലയിലെ സ്വകാര്യ മെഡിക്കൽ കോളേജിന് അനുമതി കിട്ടാൻ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണം ബിജെപി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടാണ് വി വി രാജേഷ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്. ഇതിനിടെ വി വി രാജേഷ് സിപിഐയുമായി അടുക്കാൻ ശ്രമിക്കുന്നുവെന്നും ചർച്ചകൾ നടന്നുവെന്നും വാർത്തകൾ പുറത്തുവന്നെങ്കിലും രാജേഷ് അത് ശക്തമായി നിഷേധിച്ചിരുന്നു.
