കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അടുത്ത കാലത്ത് ജപ്പാൻ ജ്വര കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം സംസ്ഥാനത്തിന് പ്രത്യേക നിർദേശം നൽകിയത്.

കോഴിക്കോട്: ജപ്പാൻ ജ്വരത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രത്യേക വാക്സീൻ യജ്ഞം നടത്താൻ ആരോഗ്യ വകുപ്പ്. ഒന്ന് മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്കായാണ് വാക്സീൻ യജ്ഞം. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് പ്രത്യേക വാക്സിനേഷൻ ഡ്രൈവ്. രണ്ട് ഡോസുകളിലായി വാക്സീൻ നൽകും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അടുത്ത കാലത്ത് ജപ്പാൻ ജ്വര കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം സംസ്ഥാനത്തിന് പ്രത്യേക നിർദേശം നൽകിയത്. നിലവിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ജപ്പാൻ ജ്വരത്തിനെതിരായ വാക്സിനേഷൻ ഡ്രൈവ് നടക്കുന്നുണ്ട്.

അതിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് ചികിത്സയിലുള്ളവരുടെ എണ്ണം 18 ആയി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകി. അടുത്ത ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. ആഗസ്റ്റ് 30, 31 ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണം. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം.

മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്‍റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. ഈ വര്‍ഷം 41 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 18 ആക്ടീവ് കേസുകളാണുള്ളത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ഉറപ്പാക്കാനും മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി.