വടക്കൻ ജില്ലകളിലാണ് വാക്സീൻ ക്ഷാമം കൂടുതൽ രൂക്ഷം. കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്ക് പുറമെ തൃശൂർ, ആലപ്പുഴ ജില്ലകളിൽ 70 ശതമാനത്തിന് താഴെ ആളുകൾക്കാണ് ആദ്യഡോസ് വാക്സീൻ കിട്ടിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീൻ ക്ഷാമം അതീവരൂക്ഷം. ഇന്നത്തേക്കുള്ള 2 ലക്ഷത്തോളം ഡോസ് വാക്സീൻ മാത്രമാണ് നിലവിൽ സ്റ്റോക്കുള്ളത്. 45 വയസിന് മുകളിൽ പ്രായമുള്ള വയോധികരുൾപ്പടെ 28 ലക്ഷത്തിലധികം പേർ ഇനിയും ആദ്യഡോസ് വാക്സീൻ പോലും കിട്ടാത്തവരാണ്. സംസ്ഥാനത്ത് 74 ലക്ഷത്തിലധികം പേരും രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുമാണെന്നിരിക്കെയാണ് ഈ കടുത്ത വാക്സീൻ ക്ഷാമം. 

വടക്കൻ ജില്ലകളിലാണ് വാക്സീൻ ക്ഷാമം കൂടുതൽ രൂക്ഷം. കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്ക് പുറമെ തൃശൂർ, ആലപ്പുഴ ജില്ലകളിൽ 70 ശതമാനത്തിന് താഴെ ആളുകൾക്കാണ് ആദ്യഡോസ് വാക്സീൻ കിട്ടിയത്. സംസ്ഥാനത്താകെ 75 ശതമാനം പേർക്ക് വാക്സീൻ ലഭിച്ചപ്പോഴാണ് ഈ ജില്ലകളിൽ പിന്നോക്കം പോയത്. 

സംസ്ഥാനത്താകെ 35 ശതമാനം പേർക്ക് രണ്ടാംഡോസ് കിട്ടിയപ്പോൾ, മലപ്പുറത്ത് 25 ശതമാനം പേർക്ക് മാത്രമേ കിട്ടിയുള്ളൂ. ഫോണിൽ സ്വന്തമായി രജിസ്റ്റർ ചെയ്യാനാവാതെ പുറന്തള്ളപ്പെട്ടു പോയവരും, സ്ലോട്ട് കിട്ടാൻ കാത്തിരുന്ന് തളർന്നവരും, ഒറ്റപ്പെട്ട് കഴിയുന്നവരുമൊക്കെയാണിവർ. കൊവിഡിനുള്ള ഏക ആയുധമായ വാക്സീൻ കിട്ടുന്നതിൽ പിറകിലായിപ്പോയ ഇതേ വടക്കൻ ജില്ലകളിലാണ് ഇന്ന് ഏറ്റവുമധികം രോഗികളും ട്രിപ്പിൾലോക്ക്ഡൗൺ പ്രദേശങ്ങളുമുള്ളത്. മലപ്പുറത്ത് മാത്രം 69 തദ്ദേശസ്ഥാപനങ്ങളിലാണ് ട്രിപ്പിൾലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. 

കണ്ണൂരിൽ ഇനി മുതല്‍ വാക്‌സീനെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

കണ്ണൂരിൽ ഇനി മുതല്‍ വാക്‌സീനെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജില്ലാ കളക്ടര്‍. പൊതുജനങ്ങള്‍ ഏറെ സന്പര്‍ക്കം പുലര്‍ത്തുന്ന ഇടങ്ങളിൽ കൊവിഡ് വ്യാപന സാധ്യത ഇല്ലാതാക്കാനാണ് ഈ നടപടിയെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ജൂലായ് 28 മുതല്‍ നിയന്ത്രണം പ്രാബല്യത്തിൽ വരും. കൊവിഡ് പരിശോധന സൗജന്യമായിരിക്കും. തൊഴിലിടങ്ങളിലും കടകളിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.