വാക്സീൻ ശേഷിക്കുന്ന ജില്ലകളിൽ കിടപ്പുരോഗികളടക്കം മുൻഗണനക്കാർക്ക് നൽകാനാണ് നിർദേശം. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ജില്ലകളിൽ ഇന്ന് വാക്സിനേഷനില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,വയനാട് ജില്ലകളിലാണ് വാക്സീൻ പൂർണമായി തീർന്നിരിക്കുന്നത്. ഇന്നത്തോടെ ബാക്കി ജില്ലകളിലും തീരുമെന്നാണ് ആശങ്ക. വാക്സീൻ ശേഷിക്കുന്ന ജില്ലകളിൽ കിടപ്പുരോഗികളടക്കം മുൻഗണനക്കാർക്ക് നൽകാനാണ് നിർദേശം. നാളെയാണ് ഇനി സംസ്ഥാനത്തേക്ക് വാക്സിൻ എത്തുക. 

YouTube video player

60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. അവര്‍ക്ക് ആഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്‌സീന്‍ നല്‍കി തീര്‍ക്കാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. 

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് കിട്ടി, 64,24,876 പേര്‍ക്ക് രണ്ടാം ഡോസും നൽകി. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്കാണ് ഒന്നാം ഡോസ് കിട്ടിയത്. 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീന്‍ നല്‍കി.