വടകരയിലെ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ഊർജ്ജിതമാക്കി. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താനായി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്യാനും മെറ്റയുടെ സഹായം തേടാനും സംഘം തീരുമാനിച്ചു

കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പുനരന്വേന്വേഷണം ഊർജ്ജിതമാക്കി എസ് ഐ ടി. അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗത്തിൽ ഇന്ന് കേസിലെ നിലവിലെ സ്ഥിതിയാണ് പരിശോധിച്ചത്. കേസുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ എസ് ഐ ടി ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സ്ക്രീന്‍ ഷോട്ട് ആദ്യം ഷെയർ ചെയ്തവരിലൂടെ ഉറവിടം കണ്ടെത്താമെന്ന പ്രതീക്ഷയിൽ എസ് ഐ ടി സംഘം. മുൻ അന്വേഷണ രേഖകൾ പരിശോധിച്ച സംഘം ആദ്യഘട്ടം മുതൽ വീണ്ടും അന്വേഷണം തുടങ്ങാനാണ് നീക്കം. അതിനിടെ എസ് ഐ ടിയിൽ സി പി എം സഹയാത്രികരെ കൂടുതലായി ഉള്‍പ്പെടുത്തിയതില്‍ അതൃപ്തിയുമായി യു ഡി എഫ് പ്രാദേശിക നേതൃത്വം രംഗത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിശദവിവരങ്ങൾ

കാഫിർ സ്ക്രീന്‍ഷോട്ട് കേസ് അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗത്തിൽ കേസിലെ നിലവിലെ സ്ഥിതിയാണ് പരിശോധിച്ചത്. സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചവരെ കണ്ടെത്തിയെങ്കിലും ഉറവിടം ഏതെന്നോ, ആരാണ് നിർമ്മിച്ചതെന്നോ മുൻ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നില്ല. സ്ക്രീന്ഷോട്ട് ആദ്യം പങ്ക് വച്ചവരുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ചതിന്‍റെ പൂർണ്ണമായ ഫലം ലഭിച്ചിട്ടില്ല. മെറ്റയിൽ നിന്നുള്ള മറുപടിയും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണനുള്‍പ്പെടെ സക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തവരെ ചോദ്യം ചെയ്ത് ഉറവിടം കണ്ടെത്താനാണ് നീക്കം. സി പി എം നൽകിയ കേസിൽ ആദ്യം പ്രതി ചേർത്ത എം എസ് എഫ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെതിരായ, പരാതിക്കാരന്‍റെയും മൊഴി എടുക്കും. മെറ്റയോട് വീണ്ടും റിപ്പോർട്ട് തേടാനും അന്വേഷണ സംഘം തീരുമാനിച്ചു. സൈബർ പൊലീസിലെ വിദഗ്ദരേയും അന്വേഷണത്തിൽ ഉൾപ്പെടുത്തും. കോഴിക്കോട് റൂറൽ എസ് പി ടി ഫറാഷ്, ഡി വൈ എസ് പി ടി മനോഹരന്‍ തുടങ്ങി മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും ആദ്യ യോഗത്തിൽ പങ്കെടുത്തു. അന്വേഷണ സംഘത്തിൽ സി പി എം സഹയാത്രികരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയതിൽ യു ഡി എഫ് പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. സി ഐ ദിനേശ് എ വി, എസ് ഐ രഞ്ജിത് കെ, പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് എന്നിവരെ മാറ്റണം എന്നാണ് ആവശ്യം. ആക്ഷേപങ്ങൾക്കനുസരിച്ച് അന്യേഷണ ഉദ്യോഗസ്ഥരെ മാറ്റിയാൽ പൊലീസിന്‍റെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ പ്രതികരണം. കാര്യക്ഷമത ഉറപ്പാക്കാൻ കൃത്യമായ മേൽനോട്ടവും നിരീക്ഷണവും ഉറപ്പാക്കാമെന്നാണ് യു ഡി എഫ് നേതൃത്വം പ്രാദേശിക നേതാക്കളെ അറിയിച്ചത്.