Asianet News MalayalamAsianet News Malayalam

വടകരയിലെ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് 'റെഡ് എന്‍കൗണ്ടേഴ്‌സ്' ഗ്രൂപ്പില്‍; പ്രചരിപ്പിച്ചത് റിബീഷ്

സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ മെറ്റ കമ്പനി മൂന്നാം പ്രതി പൊലീസ് കേസെടുത്തു. മെറ്റ കമ്പനിയെ മൂന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

Vadakara Kafir screenshot Case was filed against Meta Company police says to High Court
Author
First Published Aug 13, 2024, 6:59 PM IST | Last Updated Aug 13, 2024, 10:10 PM IST

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് നിഗമനം. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയത്. അന്വേഷണത്തോട് സഹകരിക്കാത്ത ഫേസ്ബുക്കിന്‍റെയും വാട്സ്ആപ്പിന്‍റെയും മാതൃകമ്പനിയായ മെറ്റയെ പൊലീസ് പ്രതി ചേർത്തു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് ഫേസ്ബുക്ക് പേജുകളിൽ വ്യാജ കാഫിർ ഷോട്ട് പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്തു. ഇതിനെതിരെ ഖാസിം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിൽ പൊലീസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് എത്തിയത്. അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ എന്ന ഇടതനുകൂല ഫേസ്ബുക് പേജിൽ ഇത് എത്തിയത് റെ‍ഡ് ബറ്റാലിയൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. റെഡ് എൻകൗണ്ടേഴ്സ് എന്ന മറ്റൊരു ഇടത് സൈബർ ഗ്രൂപ്പിൽ നിന്നാണ് തനിക്കിത് കിട്ടിയതെന്നാണ് റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്ത അമൽ എന്നയാൾ മൊഴി നൽകിയിരിക്കുന്നത്. റെഡ് എൻകൗണ്ടേഴ്സ് എന്ന ഗ്രൂപ്പിൽ ഇതിട്ടത് റിബേഷ് രാമകൃഷ്ണൻ എന്നയാളാണ്. തനിക്ക് ഇത് എവിടെ നിന്നാണ് കിട്ടിയതെന്ന് ഓ‌ർമയില്ലെന്നാണ് റിബേഷ് പൊലീസിനോട് പറഞ്ഞത്. 

റിബേഷിന്‍റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിനെ ബന്ധിപ്പിക്കുന്ന മൊബൈൽ സിമ്മുകൾ വഹാബ് എന്നയാളുടെ പേരിലുള്ളതാണ്. വിവിധ വാട്സ് ഗ്രൂപ്പുകളിൽ നിന്നാണ് വ്യാജ സ്ക്രീൻ ഷോട് കിട്ടിയിതെന്നും എവിടെനിന്നാണെന്ന് കൃത്യമായി ഓർമയില്ലെന്നുമാണ് വഹാബും മൊഴി നൽകിയിരിക്കുന്നത്. ഇയാളുടെ ഫോണും പിടിച്ചെടുത്ത് പരിശോധനയ്ക്ക്  അയച്ചിട്ടുണ്ട്. വ്യാജ സ്ക്രീൻ ഷോട് പ്രചരിപ്പിച്ചത് ആദ്യം ആരാണെന്ന് കണ്ടെത്തണമെങ്കിൽ മെറ്റ കമ്പനിയുടെ സഹായം വേണമെന്നും അവർ സഹകരിക്കാത്തതുകൊണ്ടാണ് മൂന്നാം പ്രതിയാക്കിയതെന്നും റിപ്പോർ‍ട്ടിലുണ്ട്.  

Latest Videos
Follow Us:
Download App:
  • android
  • ios