Asianet News MalayalamAsianet News Malayalam

ലൈഫ് മിഷൻ; നിര്‍മ്മാണം നിലച്ചതോടെ 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അകലെയായെന്ന് വടക്കാഞ്ചേരി നഗരസഭ

പ്രദേശത്തെ എല്ലാ വീട്ടില്‍ നിന്നും ഒരാളെങ്കിലും ഇവിടെ പണിക്കെത്തിയിരുന്നു. നിര്‍മ്മാണം നിലച്ചതോടെ ഇവരുടെ വരുമാനവും മുട്ടി. 

Vadakkancherry Municipality says about Life Mission flat complex
Author
Thrissur, First Published Sep 29, 2020, 9:55 AM IST

തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം നിലച്ചതോടെ 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അകലെയായെന്ന് നഗരസഭ. പണി നിലച്ചതോടെ 350 ഓളം നിര്‍മ്മാണതൊഴിലാളികളും ആശങ്കയിലാണ്.

ലൈഫ് മിഷന്റെ കീഴില്‍ 4 ഫ്ളാറ്റ് സമുച്ചയങ്ങളും ഒരു ആശുപത്രിയുമാണ് വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പില്‍ നിര്‍മ്മിക്കുന്നത്. 500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിയുന്ന 140 ഫ്ലാറ്റുകള്‍ ലഭിക്കുന്നതോടെ അത്രയും കുടുംബങ്ങള്‍ക്ക് വീടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ സിബിഐ അന്വേഷണം പുരോഗമിക്കവെ പൊടുന്നനെയാണ് നിര്‍മ്മാണം നിലച്ചത്.

കഴിഞ്ഞ 10 മാസമായി പ്രദേശവാസികളെ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവർത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. പ്രദേശത്തെ എല്ലാ വീട്ടില്‍ നിന്നും ഒരാളെങ്കിലും ഇവിടെ പണിക്കെത്തിയിരുന്നു. നിര്‍മ്മാണം നിലച്ചതോടെ ഇവരുടെ വരുമാനവും മുട്ടി. വിവാദങ്ങളും അന്വേഷണങ്ങളുമെല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കി നിർമ്മാണം ഉടൻ പുനരാംരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോൾ.

Read Also: ലൈഫ് മിഷൻ കേസ്: യുണിടാക് എംഡിയെയും ഭാര്യയെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

അതേസമയം, ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും കഴിഞ്ഞ ദിവസം സിബിഐ സംഘം ചോദ്യം ചെയ്‌തിരുന്നു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. യൂണിടാക് കമ്പനി ഡയറക്ടറാണ് സീമ. രണ്ടര മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് നിർമ്മാണം നിർത്തിവച്ചത്. 350 തൊഴിലാളികളാണ് ഫ്ളാറ്റ് നിർമ്മാണത്തിനായുണ്ടായിരുന്നത്.

Follow Us:
Download App:
  • android
  • ios