'ചിറ്റൂരില്‍ നിന്നുള്ള കള്ളുവണ്ടിയിലാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കള്ളുവണ്ടിക്കാര് മാത്രമേ നിർത്തിയുള്ളൂ. മറ്റുള്ളവരൊക്കെ നിർത്താതെ പോയി.'' ദൃക്സാക്ഷി പറയുന്നു

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാതയിൽ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയെന്ന് ദൃക്സാക്ഷി. ''അപകടത്തിൽ‌ ഏകദേശം 20 പേർക്കെങ്കിലും പരിക്കുണ്ട്. അഞ്ചുപേരുടെ നില ​ഗുരുതരമാണ്. ഒരാളുടെ കൈ അറ്റുപോയ നിലയിലായിരുന്നു. മറ്റൊരാളുടെ കാലും അറ്റുപോയി. റോഡിലാണ് സീറ്റോട് കൂുടി ഇവയെല്ലാം കിടന്നിരുന്നത്. ചിറ്റൂരിലെ കള്ളുവണ്ടിയിലാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കള്ളുവണ്ടിക്കാര് മാത്രമേ നിർത്തിയുള്ളൂ. മറ്റുള്ളവരൊക്കെ നിർത്താതെ പോയി. കള്ളുവണ്ടിയുടെ ബാക്കിൽ എടുത്ത് കിടത്തിയാണ് കൊണ്ടുപോയത്. ​ഗുരുതരാവസ്ഥയിലായിരുന്നു എല്ലാവരും.'' ദൃക്സാക്ഷിയുടെ വാക്കുകൾ. 

രാത്രി 12 മണിയോടെയാണ് ടൂറിസ്റ്റ് ബസ്സ് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്. 

എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു , അനൂപ് , രോഹിത എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ. വിനോദയാത്രാ സംഘത്തിനൊപ്പമുണ്ടായിരുന്ന വിഷ്ണു ആണ് മരിച്ച അധ്യാപകൻ. കെഎസ്ആര്‍ടിസിയുടെ പിന്നിലേക്ക് ഇടിച്ചതിന് പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന്‍റെ തോത് വര്‍ധിപ്പിച്ചത്. ടൂറിസ്റ്റ് ബസ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. സീറ്റുകളും മറ്റും പുറത്ത് വന്ന നിലയിലാണുള്ളത്. കൊട്ടാരക്കരയിൽ നിന്ന് കോയന്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. 

അപകടത്തിൽപ്പെട്ടവരെ കള്ളുവണ്ടിയിലാണ് കൊണ്ടുപോയത് മറ്റുവണ്ടിക്കാർ ആരും നിർത്തിയില്ല : ദൃക്‌സാക്ഷി