Asianet News MalayalamAsianet News Malayalam

അപകടത്തിന് തൊട്ടുമുമ്പും വീട്ടിലേക്ക് വിളിച്ച് ദിയ; ഏകമകളെ നഷ്ടപ്പെട്ട് മാതാപിതാക്കൾ, നെഞ്ചു തകര്‍ന്ന് നാട്

രാത്രി പത്ത് മണിക്ക് വീട്ടുകാർക്ക് വാട്ട്സ് ആപ്പിൽ ഫോട്ടോ അയച്ച് സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ദിയയുടെ മരണവാർത്ത കുടുംബത്തെ തേടിയെത്തുന്നത്. ഈ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും അയൽക്കാരും. 

vadakkanchery bus accident death Diya Rajesh
Author
First Published Oct 6, 2022, 3:23 PM IST

എറണാകുളം: കളിച്ച്, ചിരിച്ച് എല്ലാവരോടും യാത്ര പറഞ്ഞാണ് 42 കുട്ടികളും അധ്യാപകരും സ്കൂളിൽ  നിന്ന് വിനോ​ദയാത്രക്കായി തിരിച്ചത്. എന്നാൽ ഇത്തരത്തിൽ കണ്ണീരണിഞ്ഞ ഒരു തിരിച്ചു വരവായിരിക്കും ഇവരുടേതെന്ന് ആരും കരുതിയില്ല. ഇന്നലെയും കൂടി യാത്രയുടെ ചിത്രങ്ങൾ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വാട്ട്സ് ആപ്പിൽ ദിയ അയച്ചു കൊടുത്തിരുന്നു. മുളന്തുരുത്തി തുരുത്തിക്കര രാജേഷ് സിജി ദമ്പതികളുടെ ഏകമകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ദിയ രാജേഷ്. രാത്രി പതിനൊന്ന്  മണിക്കും വീട്ടുകാർക്ക് വാട്ട്സ് ആപ്പിൽ ഫോട്ടോ അയച്ച് സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ദിയയുടെ മരണവാർത്ത കുടുംബത്തെ തേടിയെത്തുന്നത്. ഈ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും അയൽക്കാരും. 

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദിയ  രാജേഷ് തുരുത്തിക്കരയിലെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് പോയത്. നേരത്തോട് നേരം അടുക്കുന്നതിന് മുമ്പ് അച്ഛൻ രാജേഷിന് മകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ പാലക്കാട്ടേക്ക് പോകേണ്ടി വന്നു. ശനിയാഴ്ചയാണ് വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങേണ്ടി വന്നത്. എന്നാൽ ദിയയുടെ ചേതനയറ്റ ശരീരമാണ് തുരുത്തിക്കരയിലെ വീട്ടിലേക്ക് എത്തിയത്. അയൽവാസികൾക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു ദിയ. 'എന്റെ വീട്ടിലെ ഒരം​ഗത്തെപ്പോലെയുള്ള കൊച്ചായിരുന്നു. ടൂറ് പോകുന്ന കാര്യമൊക്കെ ഞങ്ങളോട് പറഞ്ഞു.' ദിയയെക്കുറിച്ച് അയൽവാസിയുടെ വാക്കുകൾ. 'അവളുടെ അച്ഛന്‍റെ പെങ്ങള്‍ക്ക് ഫോട്ടോ ഒക്കെ അയച്ചു കൊടുത്തിരുന്നു. പക്ഷേ ഇങ്ങനെയൊരു ദുരന്തത്തിനായിരിക്കുമെന്ന് അവരാരും പ്രതീക്ഷിച്ചു കാണില്ലല്ലോ. രാജേഷിന് ഈ ഒരു മോള്‍ മാത്രമേയുള്ളൂ. അവരിതെങ്ങനെ സഹിക്കും എന്ന്  ഞങ്ങള്‍ നാട്ടുകാര്‍ക്ക് ആര്‍ക്കും ഒന്നും പറയാന്‍ സാധിക്കുന്നില്ല,' അയല്‍വാസിയായ സ്ത്രീയുടെ വാക്കുകള്‍

ദിയയുടെ അച്ഛൻ രാജേഷ് കൊച്ചിൻ ഷിപ്‍യാർഡിൽ കരാർ ജീവനക്കാരനാണ്. അമ്മ സിജി. ഇവരുടെ ഏകമകളാണ് ഇല്ലാതായിരിക്കുന്നത്. ഈ മാതാപിതാക്കളെ ഏത് വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കുമെന്നറിയാതെ സങ്കടപ്പെടുകയാണ് ബന്ധുക്കളും അയൽവാസികളും. സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും. 

Follow Us:
Download App:
  • android
  • ios