തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി വിദഗ്ധ സമിതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് അനിൽ അക്കര എംഎൽഎ പരാതി നൽകി. നിർമ്മാണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് അനിൽ അക്കരയുടെ പരാതി. പരാതി മനുഷ്യാവകാശ കമ്മീഷൻ ഇന്ന് തന്നെ പരിഗണിക്കും.

റെഡ് ക്രസന്റ് വഴി ലൈഫ് മിഷൻ പദ്ധതി നടപ്പാക്കിയതു സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ നേരത്തെ ​ഗവർണർക്ക് കത്ത് നൽകിയിരുന്നു. പദ്ധതിക്ക് വേണ്ടി വടക്കാഞ്ചേരി മണ്ഡലത്തിൽ ഭൂമി വാങ്ങിയതിലും നിർമ്മാണത്തിലും കടുത്ത നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് അനില്‍ അക്കരയുടെ ആരോപണം. റെഡ് ക്രസൻ്റ് പണം ചെലവഴിക്കേണ്ടത്  ഇന്ത്യയിലെ റെഡ്ക്രോസ് വഴിയാണ്. കേന്ദ്രസർക്കാർ അറിയാതെ എങ്ങനെ റെഡ്ക്രസന്റിന്റെ പണം ചെലവാക്കിയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ഒപ്പിട്ട ഈ പദ്ധതി നിയമവിരുദ്ധമാണെന്നും ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭാ അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിനുള്ള തുക എമിറേറ്റ്സ് റെഡ് ക്രസന്റ് എന്ന ഏജന്‍സി യു.എ.ഇ കോണ്‍സുലേറ്റ് വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം സംബന്ധിച്ച് 2019 ജൂലൈ മാസത്തില്‍ തിരുവനന്തപുരത്തുവച്ച് റെഡ് ക്രസന്‍റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താന്‍ ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടതാണ്.    

 140 കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള ഈ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലം  പാരിസ്ഥിതിക സുരക്ഷിതത്വവും കുടിവെള്ള സൗകര്യവും ഇല്ലാത്തതാണ്. സ്ഥലം എംഎല്‍എയില്‍ നിന്നു പോലും മറച്ച് വച്ചാണ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തത്. അഞ്ചിലധികം നിലകളില്‍ നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തിലേക്കുള്ള വഴി നേരത്തെ 5 മീറ്ററില്‍ താഴെയായിരുന്നു. 2 ഏക്കറിലധികം വരുന്ന ഭൂമി  വിലകൊടുത്ത് ഏറ്റെടുത്തതിന് ശേഷമാണ് ഇതിലേക്കുള്ള വഴി വിലകൊടുത്ത് വാങ്ങുന്നത്. ഈ നടപടി തികച്ചും നിയമവിരുദ്ധവും അഴിമതിയുമാണ് എന്നാണ് അനിൽ അക്കര എംഎൽഎയുടെ ആരോപണം.