വാജിവാഹനം തന്ത്രസമുച്ചയത്തിൽ പറയുന്നത് അനുസരിച്ചാണ് തന്ത്രിക്ക് നൽകിയതെന്ന് ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. 2012ലെ ബോർഡ് കമ്മീഷണറുടെ ഉത്തരവ് അവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: ശബരിമലയിലെ വാജിവാഹനം തന്ത്രസമുച്ചയത്തിൽ പറയുന്നത് അനുസരിച്ചാണ് തന്ത്രിക്ക് നൽകിയതെന്ന് ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. സ്വർണക്കൊള്ള മറച്ചു പിടിക്കാനാണ് ശ്രമമെന്നും ചർച്ച വഴിതിരിച്ചു വിടാനാണ് വാജി വാഹനം വിവാദമാക്കുന്നതെന്നും അജയ് തറയിൽ പറഞ്ഞു. 2012ലെ ബോർഡ് കമ്മീഷണറുടെ ഉത്തരവ് അവ്യക്തമാണെന്നും ആ ഉത്തരവ് കൊണ്ട് അതുവരെ തുടരുന്ന ആചാരങ്ങൾ ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രസമുച്ചയത്തിൽ പറയുന്നത് അനുസരിച്ചാണ് തന്ത്രിക്ക് വാജിവാഹനം നൽകിയത്. എല്ലാ ക്ഷേത്രങ്ങളിലും നടക്കുന്ന കാര്യമാണിത്. തിരിച്ചു നൽകാമെന്ന് തന്ത്രി കത്ത് നൽകിയതുമാണ്. കൂടാതെ 2012ലെ ദേവസ്വം കമ്മീഷണറുടെ ഉത്തരവിൽ വ്യക്തതയില്ല. ആ ഉത്തരവ് കൊണ്ട് അതുവരെ തുടരുന്ന ആചാരങ്ങൾ ഇല്ലാതാകില്ല. കീഴ്വഴക്കവും ആചാരവും അനുസരിച്ചാണ് വാജി വാഹനം നൽകിയത്. ബിംബങ്ങളുടെ ഉടമസ്ഥാവകാശം തന്ത്രിക്കാണ്. തന്ത്രസമുച്ചയത്തിൽ പറയുന്ന കാര്യങ്ങളെ ഒരു ഉത്തരവ് കൊണ്ട് മറികടക്കാൻ ആകുമോ? കോടതി പോലും തന്ത്രസമുച്ചയത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നില്ല. തന്ത്രിക്ക് നൽകുന്നതാണ് ആചാരം. വാജിവാഹനം കൈമാറുമ്പോൾ ഈ ഉത്തരവിനെക്കുറിച്ച് ആരും പറഞ്ഞില്ല. തനിക്ക് അവകാശപ്പെട്ടതാണെന്ന് തന്ത്രി പറഞ്ഞിട്ടുണ്ട്. ലോഹം ആചാര്യന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഭരണസമിതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊടിമരത്തിന് വേണ്ടി ഒരാളിൽ നിന്നും പൈസ പിരിച്ചിട്ടില്ലെന്നും അജയ് തറയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. വാജി വാഹനം തന്ത്രിക്ക് കൈമാറുമ്പോൾ ഒരാൾ പോലും എതിർപ്പ് ഉന്നയിച്ചിട്ടില്ല. അഭിഭാഷക കമ്മീഷന്റെ മേൽനോട്ടത്തിലായിരുന്നു കാര്യങ്ങൾ നടന്നത്. സ്വർണക്കൊള്ള മറച്ചു പിടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആരോപണം. ശബരിമലയുടെ പവിത്രത കളയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അഭിനവ നവോത്ഥാനത്തിനായുള്ള കുത്സിത ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

