കൊച്ചി: അപ്രോച്ച് റോഡിൽ വിള്ളൽ കണ്ടെത്തിയ വല്ലാർപാടം–വൈപ്പിൻ മേൽപ്പാലത്തിന്റെ ബലക്ഷയത്തിന് പരിഹാരം കണ്ടെത്താൻ ഐഐടിയുടെ സഹായം തേടുമെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ്. ബലക്ഷയം വേഗത്തിൽ പരിഹരിക്കണമെന്ന് ലക്ഷ്യമിട്ടാണ് ഐഐടിയിലെ വിദ്ഗദരുടെ സഹായം തേടുന്നത്. കൂടുതൽ പരിശോധനകൾ ആവശ്യമായതിനാൽ അറ്റകുറ്റപണി പൂർത്തിയാക്കാൻ ഒരു മാസമെങ്കിലും വേണ്ടി വരുമെന്നും പോർട്ട് ട്രസ്റ്റ് അറിയിച്ചു.

ദേശീയ പാതാ അതോറിറ്റി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് തുടങ്ങിയവർ സംയുക്തമായി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ബലക്ഷയം പരിഹരിക്കാൻ ഐഐടിയെ സമീപിക്കാനുള്ള തീരുമാനം കൈകൊണ്ടത്. പാലത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് കേടുപാടില്ലെന്ന നിലപാട് പോർട്ട് ട്രസ്റ്റ് ആവർത്തിച്ചു. എന്നാൽ അപ്രോച്ച് റോഡിന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഐഐടി വിദ്ഗദരുടെ അഭിപ്രായം തേടാനാണ് പോർട്ട് ട്രസ്റ്റിന്റെ തീരുമാനം. അതുവഴി പരമാവധി വേഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും കൊച്ചിൻ പോർട്ട് ട്രസ്റ്റ് വ്യക്തമാക്കി. 

സമീപ ദിവസങ്ങളിൽ തന്നെ ഐഐടി വിദഗ്ദർ പാലത്തിലെത്തി പരിശോധന നടത്തിയേക്കും. എന്നാൽ ബലക്ഷയം എത്രമാത്രം വലുതെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമായതിനാൽ കുറഞ്ഞത് ഒരു മാസമെങ്കിലും അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ബലക്ഷയം പരിഹരിക്കുന്നതു വരെ പാലം തുറക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. 

ദേശീയപാത അതോറിട്ടി നൽകുന്ന റിപ്പോർട്ടിൻറെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. ബുധനാഴ്ച വൈകിട്ടാണ് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനു മുന്നിലുള്ള മേൽപ്പാലത്തിൻറെ അപ്രോച്ച് റോഡിൽ വിള്ളൽ കണ്ടെത്തിയത്. മുപ്പതു കോടി രൂപ ചെലവഴിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിർമ്മിച്ച പാലം 2017 ലാണ് ദേശീയപാത അതോറിറ്റിക്ക് കൈമാറിയത്.