ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് വിവരം. അതേസമയം നേരത്തെ അറസ്റ്റിലായ പ്രതികളുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്,  കൂട്ടുപ്രതി വിഷ്ണു തമ്പി എന്നിവരുടെ തെളിവെടുപ്പാണ് നടത്തിയത്.

അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനോട് ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആർഎസ്എസ് പ്രവർത്തകന്റെ മൊഴി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അനന്തുവിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി സജയ് ജിത്ത് പൊലീസിനോട് സമ്മതിച്ചു. ക്ഷേത്രോത്സവത്തിനിടെ അഭിമന്യുവുമായി വാക്കേറ്റം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. 

പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് കീഴടങ്ങിയതെന്നും സജയ് ജിത്ത് പൊലീസിനോട് പറഞ്ഞു. സജയ് ജിത്തിന്റെയും, സഹായി ജിഷ്ണു തമ്പിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുളള അഞ്ച് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.