എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ഓടിയെത്താന്‍ വേണ്ട സമയം. മികച്ച വേഗതയില്‍ മികച്ച സൗകര്യത്തോടെ വന്ദേഭാരത് ട്രെയിന്‍ യാത്ര തുടരുകയാണ്.

കാസര്‍കോട്: യാത്രക്കാരുമായുള്ള വന്ദേഭാരത് ട്രെയിനിന്‍റെ കേരളത്തിലെ യാത്ര തുടങ്ങി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോട് നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും.

കാസര്‍കോട് നിന്ന് വന്ദേഭാരത് ട്രെയിന്‍ യാത്ര തുടങ്ങുമ്പോള്‍ നാനൂറിലധികം യാത്രക്കാര്‍. ഭൂരിഭാഗം പേരും കണ്ണൂര‍്‍, കോഴിക്കോട്, തൃശൂര്‍ സ്റ്റേഷനുകളിലേക്ക് ടിക്കറ്റെടുത്തവര്‍. പുതിയ യാത്രാ അനുഭവം അറിയാനായി കയറിയവരുമുണ്ട്. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ഓടിയെത്താന്‍ വേണ്ട സമയം. മികച്ച വേഗതയില്‍ മികച്ച സൗകര്യത്തോടെ വന്ദേഭാരത് ട്രെയിന്‍ യാത്ര തുടരുകയാണ്. കേരളത്തിലെ ടൂറിസം മേഖലില്‍ അടക്കം മാറ്റമുണ്ടാക്കാന്‍ ഈ ട്രെയിനിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെയ് രണ്ട് വരെ വന്ദേഭാരതില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് മെയ് ഒന്ന് വരേയും വെയ്റ്റിംഗ് ലിസ്റ്റില്‍. വന്ദേഭാരതിനെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.