കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിന്റെ കുറ്റപത്രം ക്രൈംബ്രാ‌ഞ്ച് ഇന്ന് പറവൂർ കോടതിയിൽ സമർപ്പിക്കും. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലു പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആകെ ഒൻപത് പ്രതികളുളള കുറ്റപത്രത്തിൽ റൂറൽ ടാസ്ക് ഫോഴിസിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ് ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികൾ. 

വടക്കൻ പറവൂർ സിഐയായിരുന്നു ക്രിസ്പിൻ സാം അഞ്ചാം പ്രതിയാണ്. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനും കസ്റ്റഡി നടപടിക്രമങ്ങൾ പാലിക്കാതിരുന്നതിനുമാണ് ക്രിസ്പിൻ സാമിനെ പ്രതി ചേർത്തിരിക്കുന്നത്. ആരോപണവിധേയനായ ഡിഐജി എ.വി. ജോർജിനെ സാക്ഷിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. 2018 ഏപ്രിൽ 9ന് എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.