കൊച്ചി: കേരളത്തിന്‍റെ സമസ്ത മേഖലയിലും വലിയ നാശം സംഭവിപ്പിച്ചാണ് തുടര്‍ച്ചയായ രണ്ടാം പ്രളയ കാലം കടന്നുപോകുന്നത്. പേമാരി ഇനിയും തോരാത്ത ഇടങ്ങളില്‍ പ്രാര്‍ത്ഥനയുമായി ജനങ്ങള്‍ കഴിയുമ്പോള്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കേള്‍ക്കുന്നത് എല്ലാം നഷ്ടമായവരുടെ നിലവിളികളാണ്. കേരളത്തിന്‍റെ അതിജീവനത്തിനായി കഴിയുന്നത്ര സഹായവുമായി ഏവരും രംഗത്തുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായും ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങളുടെയും സഹായത്തിന്‍റെ 'പ്രളയം' ഒഴുകുമ്പോള്‍ കല്ലുകടിയായി ചിലര്‍ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചരിപ്പിക്കുയാണ് അക്കൂട്ടര്‍. ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തെക്കുറിച്ചുള്ള ഗുണകരമായ ചര്‍ച്ചകള്‍ക്കപ്പുറം ഒരു വിധത്തിലുള്ള പണവും നല്‍കരുതെന്ന് വാശിപിടിക്കുന്നവരോട് സ്വന്തം അനുഭവം വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വസുജ വസുദേവന്‍ എന്ന യുവതി.

മുഖ്യമന്ത്രിക്ക് പൈസ ഇടല്ലേ എന്ന് നിലവിളിക്കുന്നവരോട് പറയാനുള്ളത് എന്ന നിലയിലാണ് വസുജ ഫേസ്ബുക്കിലൂടെ കഴിഞ്ഞ പ്രളയകാലത്തെ അനുഭവം വിവരിക്കുന്നത്. കുസാറ്റില്‍ ക്യാമ്പ് നടക്കുന്ന സമയത്ത് പ്രായമുള്ള ഒരമ്മ തന്‍റെ സമ്പാദ്യമെല്ലാം പൊതിയിലാക്കി കൊണ്ട് വന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെക്കുറിച്ചുള്ള വസുജയുടെ കുറിപ്പ് കണ്ണ് നനയിക്കുന്നതാണ്.

വസുജയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍


മുഖ്യമന്ത്രിക്ക് പൈസ 
ഇടല്ലേ..ഇടല്ലേ എന്നു നിങ്ങൾ നിലവിളിക്കുന്നില്ലേ..അതിനെ പറ്റിയാ...

കഴിഞ്ഞ പ്രളയകാലത്താണ്..
CUSAT ഇൽ ക്യാമ്പ് നടക്കുന്ന സമയം. എന്റെ താമസവും ജോലിചെയ്യുന്ന ബ്രാഞ്ചും എല്ലാം CUSAT നു അടുത്തുള്ള കങ്ങരപ്പടി എന്ന സ്ഥലത്തതാണ്.സാധാരണക്കാരാണ് കൂടുതലും.ഒരു ദിവസം പ്രായമുള്ള ഒരമ്മ ബാങ്കിലേക്ക് കേറി വന്നു.ആ വരലും നിപ്പും ഒക്കെ കണ്ടാ അറിയാം,ആദ്യമായാണ് ബാങ്കിനുള്ളിലേക്ക് കേറുന്നത് എന്ന്‌.അടുത്ത് ചെന്ന് ഞാൻ കാര്യം തിരക്കി."
വെള്ളം കേറി ദുരിതപ്പെടുന്നവർക്
മുഖ്യമന്ത്രിയുടെ ആ ഫണ്ടില് ഇവിടെ പൈസ ഇടാൻ പറ്റുമോ മോളേ..കുറച്ചു പൈസ ഉണ്ട് കയ്യിൽ..പെട്ടെന്ന് എന്തേലും ആപത്ത് പറ്റിയാ പുള്ളകൾക്(പുള്ള എന്നാൽ മോൻ/മോള് എന്നൊക്കെയാ ഇവിടുത്തെ നാട്ടുഭാഷയിൽ) ഒരു സഹായമാട്ടേന്നു കൂട്ടി വച്ചതാ..ഇതിപ്പോ വെള്ളം കേറി ഒഴുകിപ്പോനാ
വിധിയെങ്കിൽ,ഇതു പെട്ടീലിരുന്നാ ആർക്കു ഗുണം..? 
പുള്ള ഇതങ്ങിട്ടെരെ..ന്ന് ഒരു പ്ളാസ്റ്റിക് കവർ എനിക്ക് നീട്ടി ആ 'അമ്മ.

"ഇതെത്ര രൂപയുണ്ട്.."

അറിയില്ല..വീട്ടിലിരുന്നു എണ്ണിപെറുക്കിയാ പുള്ളോള് കാണും..പിന്നീ ഇടല് നടക്കൂല്ല.."ഞാനേ ആശോത്രി പോകാൻ ഇറങ്ങിയതാ

ഒരു രസീത് പൂരിപ്പിക്കണം..
അമ്മേടെ ഒരു ഒപ്പ് വേണം..

"ഓ.. അതൊന്നും വേണ്ട ...പുള്ള ഇതെങ്ങിട്ടാൽ മതി."

ഒടുവിൽ ഞാൻ നിർബന്ധിച്ച് വൗച്ചറിൽ പേരും ഒപ്പും വാങ്ങി,ആശുപത്രിയിൽ നിന്ന് തിരികെ വരും വഴി വന്നു രസീതു വാങ്ങി കൊള്ളാം(വാങ്ങിയില്ലെങ്കിൽ അതു എന്റെ ജോലിയെ ബാധിക്കും എന്നു പറഞ്ഞോണ്ട്‌ മാത്രം സമ്മതിച്ചു)എന്ന ഉറപ്പിൻ മേൽ ആളെ വിട്ടു..

അകത്തു കൊണ്ടുപോയി പൊതി തുറന്ന്
കുറേ പേപ്പർ പൊതികളിലായിരുന്ന നോട്ടുകൾ എല്ലാം കൂടി എന്നീ എടുത്തപ്പോൾ,44100/-രൂപ..!!
ഒരു പക്ഷെ ഇത്രേം രൂപ ഉണ്ടന്ന് ആ അമ്മക്കു അറിയിലെങ്കിലോ...എന്തോ ഞാൻ ആ പൈസ ഇട്ടില്ല...
കുറേ കഴിഞ്ഞ്പ്പോൾ ആളെത്തി.
"അമ്മേ ഇതു ഇത്തിരി കൂടുതൽ ഉണ്ടല്ലോ..ഇത്രേം ഇടണോ..?

"എല്ലാങ്കുടെ എത്രെണ്ട്‌.."

"44100/-"
ന്റെ പുള്ളേ.. അവറ്റോൾടെ നെലവിളീം കഷ്ടപ്പാടും നമ്മളും കാണുന്നതല്ലേ ടീവീല്..
ഈ പൈസകൊണ്ടു എന്താവാനാ..
അതങ്ങു ഇട്ടേരെ..
അവരുടെ കണ്ണു നിറഞ്ഞു..

എന്റേം.

അകൗണ്ടിൽ ക്യാഷ് ഇട്ട് രസീതും കൊണ്ടു പുറത്തിറങ്ങി ചെന്നു..കൈകൾ കൂട്ടി പിടിച്ച് കണ്ണ് ചേർത്തു..
പോകാനിറങ്ങിയപ്പോ വീണ്ടും ഓർമിപ്പിച്ചു "പുള്ളോള് അറിയേണ്ട.അവർക്ക് ഇഷ്ടപ്പെട്ടില്ലെലോ.."

സത്യം..അവരുടെ പേരോ എന്തിന് മുഖം പോലും എനിക്ക് നന്നായി ഓർക്കാൻ പറ്റുന്നില്ല.
പക്ഷെ,പെട്ടീല് സൂക്ഷിച്ചു വച്ചിരുന്ന ആ നോട്ടുകളുടെ മണോം, തൊണ്ട ഇടറി പറഞ്ഞ വാക്കുകളും ഇപ്പോഴുംഉണ്ട് ഉള്ളിൽ.

അവരെപ്പോലുള്ളവരുടെ നാടാണ് കേരളം...
നമ്മൾ കരകേറുക തന്നെ ചെയ്യും..

സ്നേഹം