Asianet News MalayalamAsianet News Malayalam

രാജി വയ്ക്കണമെന്ന് ബിഷപ്പ് ആന്‍റണി കരിയിലിനോട് വത്തിക്കാൻ; അരുതെന്ന് കർദ്ദിനാൾ വിരുദ്ധ വൈദികർ

രാജിക്ക് തയ്യാറാകാത്ത ബിഷപ്പിനെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നാളെ കൊച്ചിയിലെത്തും

Vatican demands resignation of Bishop Antony Kariyil
Author
Kochi, First Published Jul 25, 2022, 2:00 PM IST

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തൻ വികാരി സ്ഥാനം രാജിവയ്ക്കാൻ  ബിഷപ്പ് ആന്‍റണി കരിയിലിന് വത്തിക്കാന്‍റെ കർശന നിർദ്ദേശം. സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്നതാണ് ആരോപണത്തിലാണ് നടപടി. രാജിക്ക് തയ്യാറാകാത്ത ബിഷപ്പിനെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നാളെ കൊച്ചിയിലെത്തും.

കർദ്ദിനാളിനെതിരായ ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദ്ദിനാൾ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നതിനാണ് ബിഷപ്പിനെതിരായ വത്തിക്കാൻ നടപടി. ആന്‍റണി കരിയിലിനെ കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് വിളിപ്പിച്ചാണ് അതിരൂപത മെത്രാപോലീത്തൻ വികാരി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത്  വത്തിക്കാൻ സ്ഥാനപതി ലെയൊപോൾഡ് ജിറെല്ലി കൈമാറിയത്. എന്നാൽ രാജി തീരുമാനത്തിൽ ബിഷപ്പ് ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. തീരുമാനം പുറത്ത് വന്നതിന് പിറകെ എറണാകുളം ബിഷപ്പ് ഹൗസിൽ കർദ്ദിനാൾ വിരുദ്ധ വൈദികർ പ്രതിഷേധം യോഗം ചേർന്നു. യോഗത്തിൽ ന്യൂൻഷോയ്ക്ക് എതിരായി പ്രമേയം പാസാക്കി. ബിഷപ്പ് സ്ഥാനം രാജിവെക്കരുതെന്നും വൈദികർ ആവശ്യപ്പെട്ടു. 

നേരിട്ട് വിളിച്ചു വരുത്തി കത്ത് നൽകിയിട്ടും രാജി വയ്ക്കാൻ തയ്യാറാകാത്ത ബിഷപ്പ് ആന്റണി കരിയിലിനെ നേരിൽ കാണുന്നതിന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നാളെ കൊച്ചിയിലെത്തും. രാവിലെ ബിഷപ്പ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തുക. അതേസമയം അധികാരം ഉപയോഗിച്ച് ബിഷപ്പിനെ  സ്ഥാനത്ത് നിന്ന് മാറ്റിയാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കർദ്ദിനാൾ വിരുദ്ധ അൽമായ സംഘടനയും മുന്നണിയിപ്പ് നൽകിയിട്ടുണ്ട്.

കർദ്ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാന് അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ നടപടികൾ. ഭൂമി വിൽപ്പനയിലും കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ തഴഞ്ഞിരുന്നു. കുർബാന ഏകീകരണത്തിൽ ബിഷപ്പിന്റെ നടപടി വത്തിക്കാൻ നേരത്തെ തള്ളിയതാണ്. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതർക്ക് ശക്തി പകരുന്നതെന്ന് കർദ്ദിനാളിനെ പിന്തുണയ്ക്കുന്നവർ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാൻ വത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

ചേർത്തല സ്വദേശിയായ ബിഷപ്പ് ആന്റണി കരിയിൽ സിഎംഐ സന്യാസ സമൂഹത്തിൽ നിന്നുള്ള ബിഷപ്പാണ്. കളമശ്ശേരി രാജഗിരി കോളേജ് പ്രിൻസിപ്പൽ, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ൽ ആണ് ചുമതലയേറ്റത്. 

 

Follow Us:
Download App:
  • android
  • ios