ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടേറ്റ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം മനോജ് തിവാരി. ഹാര്‍ദിക് ഡ്രസ്സിംഗ് റൂമില്‍ ഒറ്റപ്പെട്ടെന്നും ടീമില്‍ കാര്യങ്ങള്‍ ശുഭകരമല്ലെന്നും തിവാരി ആരോപിക്കുന്നു.

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം മനോജ് തിവാരി. മുംബൈ ഡ്രസ്സിംഗ് റൂമില്‍ ഹാര്‍ദിക്കിന് പിന്തുണ നഷ്ടമായെന്നും ടീമിനുള്ളില്‍ കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ലെന്നും തിവാരി ആരോപിച്ചു. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ എട്ട് വിക്കറ്റിന് മുംബൈയെ തകര്‍ത്തിരുന്നു.

ക്യാപ്റ്റന് പിന്തുണയില്ലെന്നുള്ളതാണ് തിവാരി ഉന്നയിക്കുന്ന പ്രധാന വാദം... ''ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിലെ ഓരോ കളിക്കാരന്റെയും ആത്മവിശ്വാസം നേടിയെടുക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. കളിക്കളത്തിലെ താരങ്ങളുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ ആരും ഹാര്‍ദിക്കിനൊപ്പം നില്‍ക്കുന്നതായി തോന്നുന്നില്ല. മുംബൈയുടെ ഈ സീസണ്‍ നേരത്തെ തന്നെ അവസാനിച്ചു. ടീമിന്റെ പ്രകടനത്തില്‍ അടിസ്ഥാനപരമായ എന്തോ തകരാറുള്ളതായി തോന്നുന്നു.'' തിവാരി പറഞ്ഞു.

ക്യാപ്റ്റനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ തുടങ്ങിയ പ്രമുഖ താരങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാന താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതെ പോസിറ്റീവ് ഫലം പ്രതീക്ഷിക്കാനാവില്ലെന്ന് തിവാരി പറഞ്ഞു.

മുംബൈ-ചെന്നൈ പോരാട്ടങ്ങളെ ഐപിഎല്ലിലെ 'എല്‍ ക്ലാസിക്കോ' എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ ഈ വിശേഷണം ഇപ്പോള്‍ മാറ്റണമെന്നാണ് തിവാരിയുടെ പക്ഷം. അവസാന ഏഴ് മത്സരങ്ങളില്‍ ആറിലും ചെന്നൈയാണ് വിജയിച്ചത്. കളി ഏകപക്ഷീയമായി മാറിയ സാഹചര്യത്തില്‍ ഇതിനെ ഇനി 'എല്‍ ക്ലാസിക്കോ' എന്ന് വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുംബൈ. തിങ്കളാഴ്ച ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ഈ മത്സരത്തില്‍ ജയിച്ചേ തീരൂ.

YouTube video player