Asianet News MalayalamAsianet News Malayalam

'വായു' ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക്: കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട്ട്

9 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. 12 സെന്‍റീമീറ്റർ വരെ മഴ തീരദേശ ജില്ലകളിൽ പെയ്യാൻ സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് നേരത്തെ പിൻവലിച്ചിരുന്നു. എങ്കിലും അപൂർവം ഇടങ്ങളിൽ 12 സെന്‍റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.

Vayu cyclone yellow alert in 9 districts in Kerala
Author
Thiruvananthapuram, First Published Jun 12, 2019, 6:09 AM IST

തിരുവനന്തപുരം: 'വായു 'ചുഴലികാറ്റ് ഗുജറാത്ത്‌ തീരത്ത് ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുലർച്ചെ ഗുജറാത്ത്‌ തീരം തൊടുമെന്ന് കരുതപ്പെടുന്ന വായു ചുഴലിക്കാറ്റ് പോർബന്തർ, ബഹുവ- ദിയു, വേരാവൽ തീരപ്രദേശങ്ങളിൽ നാശം വിതയ്ക്കാൻ സാധ്യത ഉണ്ടെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

മണിക്കൂറിൽ 120 കിലോമീറ്ററോളം വേഗത്തിൽ ഗോവൻ തീരത്തു നിന്നും വടക്കോട്ട് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് ഇപ്പോൾ ഉൾവലിഞ്ഞിരിക്കുകയാണ്. കടലിൽ പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 

തിരകൾ 1 മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. കച്ച്, ദ്വാരക, പോർബന്ദർ, ജുനഗഢ്, ദിയു, ഗിർ സോമനാഥ്, അമ്രേലി, ഭാവ്‍നഗർ എന്നീ ജില്ലകളിലെ തീരമേഖലയിൽ ശക്തമായ കടൽക്ഷോഭമുണ്ടാകും. വെള്ളം കയറാനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ 12 മുതൽ 14 വരെ തീയതികളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. 

അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര നാവിക സേനകളും തീരസംരക്ഷണ സേനയും ഗുജറാത്ത്‌ തീരത്ത് സജ്ജമായിട്ടുണ്ട്. മണിക്കൂറിൽ 135 കിലോ മീറ്റർ വേഗതയിലേക്ക് വരെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിക്കുന്നത്. 

കേരളത്തിൽ ജാഗ്രത

കേരളത്തില്‍ കാലവർഷം ശക്തമായി തുടരുന്നു. 9 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. 12 സെന്‍റീമീറ്റർ വരെ മഴ തീരദേശ ജില്ലകളിൽ പെയ്യാൻ സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് നേരത്തെ പിൻവലിച്ചിരുന്നു. എങ്കിലും അപൂർവം ഇടങ്ങളിൽ 12 സെന്‍റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.

അടുത്ത 5 ദിവത്തേക്ക് സംസ്ഥാനമാകെ നല്ല മഴ ലഭിക്കും. വായു ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കടലാക്രമണവും കനത്ത കാറ്റും തീരത്ത് തുടരുകയാണ്. രണ്ട് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. 

ആലപ്പുഴ

ആലപ്പുഴയുടെ തീരദേശത്ത് രൂക്ഷമായ കടലാക്രമണമാണ്. അമ്പലപ്പുഴ മേഖലയിൽ മുപ്പതിലധികം വീടുകൾ ഇപ്പോള്‍ തന്നെ തകർച്ചാ ഭീഷണിയിലാണ്. അറ്റകുറ്റപ്പണി നടത്താത്തത് മൂലം കടൽഭിത്തി തകർന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. 

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഗിരീഷിന്‍റെ വീട് കടൽ പ്രക്ഷുബ്ദമായപ്പോൾ അപ്പാടെ തകർന്നു. ഗിരീഷിന്‍റെ മാത്രമല്ല സമീപത്തെ മറ്റ് വീടുകളും തകർച്ചയുടെ വക്കിലാണ്. വേലിയേറ്റ സമയത്ത് വീടിന്‍റെ ഓരോ ഭാഗങ്ങളായി തകർന്നുവീഴും. പലരും സ്വന്തം വീട് ഉപേക്ഷിച്ച് ഇപ്പോള്‍ തന്നെ ബന്ധു വീടുകളിൽ അഭയം തേടിക്കഴിഞ്ഞു. 

എറണാകുളം

പുലിമുട്ടോടുകൂടിയ കടൽഭിത്തി വേണമെന്ന ചെല്ലാനം പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോഴുള്ള കടൽഭിത്തിയാകട്ടെ തകർന്നിട്ട് പത്ത് വർഷത്തിലധികമായി. എറണാകുളം ചെല്ലാനത്ത് രണ്ട് ദിവസമായി തുടരുന്ന കടലാക്രമണം തീരദേശ വാസികളെ കൂടുതൽ ഭയപ്പാടിലാക്കിയിരിക്കുകയാണ്. കടൽക്ഷോഭം തടയാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ശക്തമായ സമരം തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ചെല്ലാനത്തുകാർ. 

കലിതുള്ളിയെത്തുന്ന തിരമാലകൾ തീരത്തെ വീടുകൾ എടുക്കുമോയെന്ന അശങ്കയിലാണ് ആളുകള്‍. ഓഖി ദുരന്തത്തിനു ശേഷം എട്ടു കോടി രൂപ ചെലവിൽ ജിയോ ട്യൂബ് സ്ഥാപിക്കാൻ തുടങ്ങിയ പണികൾ എങ്ങുമെത്തിയില്ല. പല തരത്തിലുള്ള സമരങ്ങൾ ഇവർ നടത്തി. പ്രയോജനം ഉണ്ടായില്ല. 

ഉച്ചക്ക് ശേഷം നാലു മണിയോടെ കടൽ കൂടുതൽ പ്രക്ഷുബ്ധമാകും. നാട്ടുകാർ ചാക്കിൽ മണൽ നിറച്ച് ഭിത്തി നിർമ്മിച്ചാണ് തീരത്തെ വീടുകൾ സംരക്ഷിക്കുന്നത്. ഇതെല്ലാം മറികടന്ന് വീടുകളിലൂടെ കയറി വെളളം റോഡിലുമെത്തും. ഇത് തീരദേശ ഹൈവേയിൽ ഗതാഗത സ്തംഭനത്തിനും കാരണമാകുന്നു. രാത്രി ഒൻപത് മണി വരെ ഇതാണ് അവസ്ഥ. തീരദേശ വാസികളുടെ സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകൾ രംഗത്തെത്തുന്നുണ്ട്. കാലവർഷം കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാകും. 

കോഴിക്കോട്

കടൽക്ഷോഭം ശക്തമായതോടെ കോഴിക്കോട് തീരത്തെ വീടുകളിലും വെള്ളം കയറിത്തുടങ്ങി.  വെസ്റ്റ്ഹില്ലിലെ ഗാന്ധിനഗർ കോളനിയിലെ പല വീടുകളിലും താമസിക്കാൻ പറ്റാതെയായി. ശക്തമായ കടൽ ഭിത്തി ഇല്ലാത്തതാണ് പ്രധാന പ്രശ്നം.

അർധരാത്രിയാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. കടലിൽനിന്ന് അഞ്ച് മീറ്റർ മാത്രം അകലെയാണ് വീടുകൾ. കോന്നാട് ബീച്ച് മുതൽ പള്ളിക്കണ്ടി ഭാഗംവരെ പലയിടത്തും കടൽഭിത്തി തകരുകയാണ്. 

തൃശൂർ

കടൽക്ഷോഭത്തെ തുടർന്ന് തൃശ്ശൂരിലെ തീരദേശ മേഖലകളിൽ നിന്ന് 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊടുങ്ങല്ലൂരിലും എടവിലങ്ങിലുമുള്ള ക്യാംപുകളിലേക്കാണ് ഇവരെ മാറ്റിയത്. കടൽക്ഷോഭം രൂക്ഷമായാൽ ചാവക്കാട്ടും ദുരിതാശ്വാസ ക്യാംപ് തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

29 കുട്ടികളടക്കം 423 പേരാണ് കൊടുങ്ങല്ലൂരിലും എടവിലങ്ങിലുമുള്ള ക്യാംപുകളിൽ കഴിയുന്നത്. എറിയാട് കേരള വർമ്മ ഹയർ സെക്കന്‍ററി സ്കൂളിലും എടവിലങ്ങ് സെന്‍റ് ആൽബന സ്കൂളിലുമാണ് ദുരിത ബാധിതരെ താമസിപ്പിച്ചിരിക്കുന്നത്. എറിയാട് ബീച്ച്, മണപ്പാട്ടുച്ചാൽ, ചേരമാൻ ബീച്ച്, ആറാട്ടുവഴി, പേബസാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്  മിക്കവരും. 

ഓഖിക്ക് ശേഷം തീരദേശ മേഖലയുടെ സുരക്ഷക്കായി നടപടി സ്വീകരിക്കുമെന്ന്  വാക്ക് നൽകിയ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ക്യാപുകളിൽ കഴിയുന്നവർ പറഞ്ഞു. ചാവക്കാട് തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 

സുനാമിഷെൽട്ടറുകൾ തയ്യാറാണെങ്കിലും മിക്ക കുടുംബങ്ങളും ബന്ധുവീടുകളിൽ അഭയം തേടിയതിനാൽ ആരും താമസത്തിനെത്തിയിട്ടില്ല. ജില്ലയിൽ 12, 14 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം

വലിയതുറയിൽ വൻ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്. തീരമേഖലയിലെ വീടുകൾ പലതും കടലെടുത്തു. 

Follow Us:
Download App:
  • android
  • ios