വിഭജന ഭീതി സർക്കുലർ പ്രകാരമുള്ള പരിപാടികൾ നടത്താൻ കോളേജുകൾക്ക് നിർദേശം നൽകിയിതായും വിസി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പൂർണമായും ഇയർ ഔട്ട് ഒഴിവാക്കാൻ ധാരണ. വൈസ് ചാൻസിലർ കെ ശിവപ്രസാദും എസ്എഫ്ഐയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇയർ ഔട്ട് പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കെടിയുവിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്നത്തെ ചർച്ച. ചർച്ചയിൽ വിദ്യാർത്ഥികളുടെ വിഷയം ചർച്ച ചെയ്യാനായി സിൻഡിക്കേറ്റ് യോ​ഗം ചേരാമെന്നും സമ്മതിച്ചു. നിലവിൽ പ്രത്യേക അജണ്ടകൾ വെച്ചാണ് വിസി സിൻഡിക്കേറ്റ് വിളിച്ചത്. വിദ്യാർത്ഥികളെ ബാധിക്കുന്ന 19 ഫയലുകൾ രണ്ട് ദിവസത്തിനുള്ളിൽ നീക്കാമെന്ന് ഉറപ്പ് കിട്ടിയതായും എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചു.

അതേസമയം, വൈസ് ചാൻസിലർ അധികാരം ഉപയോ​ഗിച്ച് ഇയർബാക്ക് ഒഴിവാക്കുമെന്ന് വിസി പറഞ്ഞു. ബോർഡ് ഓഫ് ഗവർണൻസ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ചില ഫയലുകളിൽ പഠനം ആവശ്യമുണ്ട്. കൂടാതെ, വിഭജന ഭീതി സർക്കുലർ പ്രകാരമുള്ള പരിപാടികൾ നടത്താൻ കോളേജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിപാടികൾ നടപ്പാക്കേണ്ടത് കോളേജുകളാണെന്നും വിസി പറഞ്ഞു.