പീഡ‍ന പരാതിയിൽ ശശീന്ദ്രനെതിരെ ശസ്ത്രക്രിയ വിഭാഗത്തിലുണ്ടായിരുന്ന നഴ്സുമാരടക്കം പൊലീസിന് മൊഴി നൽകിയിരുന്നു. രോഗിയെ ഓപ്പറേഷൻ തീയേറ്ററിലെത്തിക്കുക മാത്രമാണ് അറ്റന്ററായ ശശീന്ദ്രന്‍റെ ജോലി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയുവില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ രക്ഷിക്കാനുളള നീക്കത്തിനു പിന്നില്‍ സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നേടിയ ഇയാള്‍ക്ക് പിന്നീട് സര്‍ക്കാര്‍ സ്ഥിര നിയമനം നല്‍കുകയായിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം വരെ യൂണിയനില്‍ പ്രവര്‍ത്തിച്ച ശശീന്ദ്രന്‍ ഈ വര്‍ഷം അംഗത്വം പുതുക്കിയിട്ടില്ലെന്നാണ് എന്‍ജിഒ യൂണിയന്‍റെ വിശദീകരണം.

സമൂഹ മനസാക്ഷിയെ നടുക്കിയ പീഡനമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്നത്. പ്രതിയായ അറ്റൻഡർ ശശീന്ദ്രൻ അറസ്റ്റിലായിട്ടും ഇരയ്ക്ക് മേൽ പരാതി പിൻവലിക്കാൻ ജീവനക്കാരുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ട്. ശശീന്ദ്രന്‍റെ രാഷ്ട്രീയ സ്വാധീനം ഇവിടെയാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നിന്ന് താൽകാലിക അടിസ്ഥാനത്തിൽ നിയമിതനായ ജീവനക്കാരനാണ് ശശീന്ദ്രൻ. പിന്നീട് ജോലിയിൽ സ്ഥിരപ്പെട്ടു. മുൻപും ഇയാൾക്കെതിരെ മോശം പെരുമാറ്റത്തിന് പരാതി വന്നിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ രാഷ്ട്രീയ പിൻബലമുള്ളതിനാൽ തുടർ നടപടി ഉണ്ടായില്ല.

പീഡ‍ന പരാതിയിൽ ശശീന്ദ്രനെതിരെ ശസ്ത്രക്രിയ വിഭാഗത്തിലുണ്ടായിരുന്ന നഴ്സുമാരടക്കം പൊലീസിന് മൊഴി നൽകിയിരുന്നു. രോഗിയെ ഓപ്പറേഷൻ തീയേറ്ററിലെത്തിക്കുക മാത്രമാണ് അറ്റന്ററായ ശശീന്ദ്രന്‍റെ ജോലി. സംഭവ ദിവസം പ്രതി സ്ത്രീകളുടെ വാർഡിൽ തുടർന്നു. രോഗിയുടെ ദേഹത്ത് വസ്ത്രങ്ങൾ മാറിക്കിടക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോൾ യൂറിൻ ബാഗ് മാറ്റാൻ വന്നതാണെന്ന് ശശീന്ദ്രൻ നഴ്സിനോട് പറഞ്ഞു. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് യൂറിൻ ബാഗ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇയാൾക്ക് മറുപടി ഇല്ലായിരുന്നു. തുടർന്ന് ശശീന്ദ്രനെ ശകാരിച്ച് ഇറക്കിവിട്ടെന്ന് നഴ്സ് പൊലീസിന് മൊഴി നൽകി.

ബോധം തെളിഞ്ഞ ശേഷം യുവതി തന്നെയാണ് കൂട്ടിരിപ്പുകാരനായ ഭർത്താവിനോട് പീഡന വിവരം പറയുന്നത്. തുടർന്ന് പൊലീസിലും ആശുപത്രി അധികൃതർക്കും പരാതി നൽകി. ശശീന്ദ്രന് തങ്ങളുടെ സംഘടനയുമായി നിലവിൽ ബന്ധമില്ലെന്ന് സിപിഎം അനുകൂല സർവീസ് സംഘടനയുടെ വിശദീകരിക്കുന്നു. ഇരയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാ‍ർക്കെകതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.