അഴിമതി സർക്കാരിനെ ജനകീയ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
സർക്കാർ അല്ല ഇത് കൊള്ളക്കാർ എന്ന മുദ്രാവാക്യം ഉയർത്തി ഇത് രണ്ടാം തവണയാണ് യുഡിഎഫ് പ്രവർത്തകർ സെക്രട്ടറിയേറ്റ് വളഞ്ഞത്

തിരുവനന്തപുരം: അഴിമതി സർക്കാറിനെ ജനകീയ വിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ സെക്രട്ടേറിയേറ്റ് ഉപരോധ സമരത്തിലാണ് പ്രവർത്തകരോട് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്. രണ്ടുതവണ കേരളം ഭരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഭരണനേട്ടം പോലും കാണിക്കാൻ ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ കുറ്റപ്പെടുത്തി. വിവിധ ജില്ലകളിൽ നിന്നായി നിരവധി പ്രവർത്തകർ സെക്രട്ടേറിയേറ്റ് സമരത്തിൽ പങ്കാളികളായി. ഉപരോധത്തിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കനത്ത സുരക്ഷാ അകമ്പടിയോടെ സെക്രട്ടറിയേറ്റിലെത്തി.
സർക്കാർ അല്ല ഇത് കൊള്ളക്കാർ എന്ന മുദ്രാവാക്യം ഉയർത്തി ഇത് രണ്ടാം തവണയാണ് യുഡിഎഫ് പ്രവർത്തകർ സെക്രട്ടറിയേറ്റ് വളഞ്ഞത്. രാവിലെ ആറ് മണിക്ക് തന്നെ പ്രധാന ഗേറ്റും സൗത്ത്, വൈഎംസിഎ ഗേറ്റുകളും നേതാക്കളും പ്രവർത്തകരും ഉപരോധിച്ചു. മുഖ്യമന്ത്രിയെ പരിഹസിച്ചും സർക്കാരിനെ വിമർശിച്ചും നേതാക്കൾ യോഗത്തിൽ പ്രസംഗിച്ചു. സഹകരണ ബാങ്ക് തട്ടിപ്പ്, മാസപ്പടി വിവാദം, എ ഐ ക്യാമറ അഴിമതി, വിലക്കയറ്റം, പിൻവാതിൽ നിയമനങ്ങൾ തുടങ്ങി കഴിഞ്ഞ ഏഴര വർഷമായി ഇടതു സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ വിഷയമാക്കിയാണ് നേതാക്കളിൽ ഏറെപ്പേരും സംസാരിച്ചത്.
യുഡിഎഫ് പ്രവർത്തകർ സെക്രട്ടറിയേറ്റ് ഉപരോധിച്ചതോടെ നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കിൽ ജനം വലഞ്ഞു. എംജി റോഡിലെ ഗതാഗതം വഴി തിരിച്ചുവിട്ടതോടെ മണിക്കൂറോളമാണ് യാത്രക്കാർ വഴിയിൽ കിടന്നത്. കന്റോൺമെന്റ് ഗേറ്റ് വഴി മാത്രമാണ് സെക്രട്ടറിയേറ്റിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടത്. രാവിലെ ആറ് മണി മുതൽ എംജി റോഡിന്റെ ഒരു ഭാഗം യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു. ഒരു ഭാഗത്തു കൂടി മാത്രമായിരുന്നു വാഹനങ്ങള്‍ കടത്തിവിട്ടത്. ഒൻപത് കഴിഞ്ഞപ്പോള്‍ എംജി റോഡ് പൂർണായും ഉപരോധിച്ചു. അതോടെ ഗതാഗതം തടസ്സപ്പെട്ടു. കിഴക്കേക്കോട്ടയിൽ നിന്നും പാളയത്തു നിന്നും വന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ ഗതാഗതക്കുരുക്കായി.
കന്റോൺമെന്റ് ഗേറ്റ് റോഡിലൂടെ ജീവനക്കാർ സെക്രട്ടറിയേറ്റിൽ എത്തണമെന്നായിരുന്നു ഇന്നലെ സെക്രട്ടേറിയേറ്റ് കണ്‍ട്രോള്‍ റൂമിൽ പൊലീസ് നൽകിയ നിർദ്ദേശം. കൈക്കുഞ്ഞുമായി പൊയ ഒരു സ്ത്രീയും ജോലിക്കായി പോയ രണ്ട് സ്ത്രീകളെയും മാത്രമാണ് പൊലിസ് സെക്രട്ടറിയേറ്റ് അനക്സിന് മുന്നിലെ പ്രസ് ക്ലബ് റോഡിൽ സ്ഥാപിച്ച ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്. സെക്രട്ടറിയേറ്റ് ജീവനക്കാരെ ആദ്യം കടത്തിവിട്ടില്ല. മൂന്ന് ഗേറ്റ് ഉപരോധിച്ച പ്രതിഷേധക്കാരും രാവിലെ അവിടേക്കെത്തിയില്ല. ട്രെയിനിറങ്ങി ജീവനക്കാർ കൂട്ടത്തോടെയെത്തി. എന്നാൽ കന്റോൺമെന്റ് ഗേറ്റ് വഴി പോകാനുള്ള പൊലിസിന്റെ നിർദ്ദേശം ജീവനക്കാർ തള്ളിയതോടെ പൊലീസിന് വഴങ്ങേണ്ടി വന്നു. പ്രസ് ക്ലബ് റോഡിലുള്ള കസ്റ്റംസ് ഓഫീസിലേക്ക് പോകാനും ജീവനക്കാർ ചുറ്റി. ജീവനക്കാർ കടന്നു പോയതിന് പിന്നാലെ ഉപരോധക്കാരുമെത്തി മുദ്രാവാക്യം വിളിച്ചു.