Asianet News MalayalamAsianet News Malayalam

'എല്ലാം ചെയ്തത് ഒരുമിച്ചല്ലേ'? ഗവർണർ-സർക്കാർ പോരിൽ നശിക്കുന്നത് വിദ്യാർഥികളുടെ ഭാവി, വിധി സ്വാഗതം ചെയ്ത് സതീശൻ

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ നശിക്കുന്നത് കുട്ടികളുടെ ഭാവിയും വിദ്യാഭ്യാസരംഗവുമാണ്. സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ച് ചെയ്ത തെറ്റുകളാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ തകര്‍ത്ത് തരിപ്പണമാക്കിയത്

vd satheesan against cm pinarayi and governor on ktu vc issue
Author
First Published Nov 29, 2022, 9:49 PM IST

കൊച്ചി: സാങ്കേതിക സര്‍വകലാശാല വി സി ചുമതല ഡോ. സിസ തോമസിനു നല്‍കിയ ചാന്‍സലറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നിലപാടിന്റെ വിജയവും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഓരോ ഘട്ടത്തിലും സ്വീകരിച്ച നിലപാടുകള്‍ക്കുള്ള അംഗീകാരവുമാണ് ഹൈക്കോടതി തീരുമാനമെന്ന് സതീശൻ പറഞ്ഞു. അന്ന് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് കോടതി ഇന്ന് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ നശിക്കുന്നത് കുട്ടികളുടെ ഭാവിയും വിദ്യാഭ്യാസരംഗവുമാണ്. സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ച് ചെയ്ത തെറ്റുകളാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ തകര്‍ത്ത് തരിപ്പണമാക്കിയത്. 

സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി വന്നപ്പോള്‍ തന്നെ താല്‍ക്കാലിക സംവിധാനമുണ്ടാക്കി കുട്ടികളുടെ ഭാവി അപകടത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് സര്‍ക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഡിജിറ്റല്‍ സര്‍വകലാശാല വി.സിക്ക് താല്‍ക്കാലിക ചുമതല നല്‍കിയത് ഉള്‍പ്പെടെ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളൊക്കെ അപ്രായോഗികമായിരുന്നു. യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് എല്ലാ അക്കാദമിക് യോഗ്യതയുമുള്ള സിസ തോമസിന് ചാന്‍സലര്‍ താല്‍ക്കാലിക ചുമതല നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

കെടിയു വിസി സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി, അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

വി.സിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ നിസഹകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ദോഷമുണ്ടായത് കുട്ടികള്‍ക്കാണ്. ജോലി ലഭിച്ചിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാകാത്ത നിരാശയില്‍ കുട്ടികളും രക്ഷിതാക്കളും നില്‍ക്കുമ്പോഴും താല്‍ക്കാലിക വി.സിയെ എസ്.എഫ്.ഐക്കാരെയും യൂണിയന്‍ നേതാക്കളെയും ഉപയോഗിച്ച് തടയുകയുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒപ്പിടാനുള്ള ഫയലുകള്‍ പോലും വി.സിക്ക് നല്‍കിയില്ല. സര്‍ക്കാരിന്റെ അനാവശ്യമായ ഈ വാശിയാണ് സാങ്കേതിക സര്‍വകലാശാലയില്‍ അനിശ്ചിതത്വമുണ്ടാക്കിയതെന്നും സതീശൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios