പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ വയനാട്ടിലെ മുതിർന്ന സിപിഎം നേതാവ് തന്നെ കൂടെ വന്നത് ഭീഷണിപ്പെടുത്താനാണെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ശമ്പളം വരെ മുടങ്ങുന്ന നിലയിൽ ഗുരുതര ധന പ്രതിസന്ധിയുണ്ടായതിന് കാരണം സംസ്ഥാന സർക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്മെന്റെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 55 ലക്ഷം ആളുകൾക്ക് പെൻഷനും മുടങ്ങി. ക്ഷേമനിധി പെൻഷനും കുടിശികയാണ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും ധവളപത്രം ഇറക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സിദ്ധാര്‍ത്ഥിന്റെ മരണത്തിന് ശേഷവും വ്യാജ ആരോപണങ്ങൾ ഉണ്ടാക്കി ആ കുടുംബത്തെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ വയനാട്ടിലെ മുതിർന്ന സിപിഎം നേതാവ് തന്നെ കൂടെ വന്നു. ഇത് ഭീഷണിയാണ്. അന്വേഷണ ഉദ്യോഗസ്ഥനെ വിരട്ടലാണ്. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളിൽ ഒളിച്ചിരിക്കുകയാണ്. ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ മുഖ്യമന്ത്രി അവസരം കൊടുക്കുകയാണ്. ഈ ക്രിമിനലുകളിൽ നിന്ന് കേരളത്തെ രക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ധനപ്രതിസന്ധിയെ തുടർന്നെന്ന് വിവരമുണ്ട്. സാങ്കേതിക പ്രശ്നമെന്ന് പറയുന്ന ട്രഷറി വകുപ്പും ധനവകുപ്പും കൂടുതൽ വിശദീകരണത്തിന് തയ്യാറായിട്ടില്ല. ജീവനക്കാരുടെ എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ശമ്പളം പ്രതിഫലിക്കുന്നുണ്ടെങ്കിലും ബാങ്ക് വഴിയോ ഓൺലൈനായോ പണം പിൻവലിക്കാൻ കഴിയുന്നില്ല. ശമ്പളം ക്രഡിറ്റ് ചെയ്തെന്ന് വരുത്തി വിമർശനം ഒഴിവാക്കാനുള്ള സർക്കാർ തന്ത്രമാണ് ഇതെന്നാണ് ആരോപണം.

ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഓൺലൈൻ ഇടപാടും ആര്‍ക്കും സാധ്യമാകുന്നില്ല. ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്ന 97000 ത്തോളം പേര്‍ക്കും ഈ ബുദ്ധിമുട്ടുണ്ട്. ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു. ഈ സാഹചര്യത്തിൽ ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്. പണമെത്തിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണം എന്നാണ് നിര്‍ദ്ദേശം. പ്രതിഷേധം കടുപ്പിച്ച് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്