Asianet News MalayalamAsianet News Malayalam

'കൊവിഡ് മരണമെന്ന് തെളിയിക്കാൻ ബന്ധുക്കൾ എവിടെ പോകും'? മരണക്കണക്ക് സർക്കാർ അട്ടിമറിച്ചു: വിഡി സതീശൻ

സർക്കാരിന്റെ കൈവശമുള്ള കൊവിഡ് മൂലം മരിച്ചവരുടെ കണക്ക് പുറത്തിവിടണം. അപ്പോൾ കണക്കിൽ പെടാത്തത് ആരൊക്കെയാണെന്ന് അറിയാമെന്നും സതീശൻ 

 

vd satheesan allegations about covid death kerala
Author
Thiruvananthapuram, First Published Jul 2, 2021, 1:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കിൽ അട്ടിമറിയുണ്ടായതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഐസിഎംഐആർ, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങൾ സംസ്ഥാനം അട്ടിമറിച്ചുവെന്നും മരണം കുറച്ചു കാണിക്കാൻ ഗൂഡാലോചന നടന്നുവെന്നും സതീശൻ ആരോപിച്ചു. ഒട്ടേറെ കൊവിഡ് മരണങ്ങൾ പട്ടികയിൽ നിന്നും പുറത്തായി. ഇത് പുറത്തു വരുമോയെന്ന ആശങ്കയാണ് ആരോഗ്യ മന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. 

ഡിവൈഎഫ്ഐ നേതാവ് പി.ബിജു കൊവിഡ് ബെഡിൽ കിടന്നാണ് മരിച്ചത്. ഈ സർക്കാരിന്റെ കണക്കിൽ അത് കൊവിഡ് മരണം അല്ല. സർക്കാർ കൊവിഡ് പട്ടികയിൽ ആ മരണവുമില്ല. 

ഡോക്ടർമാരാണ് മരണകാരണം നിശ്ചയിക്കേണ്ടതെന്നിരിക്കെ തിരുവനന്തപുരത്തെ ഒരു വിദഗ്ദസമിതിയാണ് കേരളത്തിലെ കൊവിഡ് മരണങ്ങൾ നിശ്ചയിച്ചത്. ഇത് ഐസിഎംആർ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സതീശൻ ആരോപിച്ചു. 

സർക്കാർ വെബ്സൈറ്റിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകളില്ല. കൊവിഡ് മരണമെന്ന് തെളിയിക്കാൻ ബന്ധുക്കൾ എവിടെ പോകണം? ആർക്കാണ് ഇവർ പരാതി നൽകേണ്ടത്.  ഇവരുടെ കൈവശം എന്ത് തെളിവാണുള്ളതെന്നും സതീശൻ ചോദിച്ചു.  കൊവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളുടെ പക്കലാണ് തെളിവുകളുള്ളത്. ഇത് സർക്കാർ പരിശോധിക്കാൻ തയ്യാറാകണം. സർക്കാരിന്റെ കൈവശമുള്ള കൊവിഡ് മൂലം മരിച്ചവരുടെ കണക്ക് പുറത്തിവിടണം. അപ്പോൾ കണക്കിൽ പെടാത്തത് ആരൊക്കെയാണെന്ന് അറിയാം. 

വിവിധ വകുപ്പുകളെ ഏകോപിച്ച് സംവിധാനം ഉണ്ടാക്കി സർക്കാർ കൃത്യമായ കണക്കുകൾ പുറത്ത് വിടണം. കേന്ദ്രം സഹായധനം പ്രഖ്യാപിച്ച ശേഷം കണക്കുകൾ തിരുത്തിയാൽ അതിൽ കേന്ദ്ര സർക്കാർ ആക്ഷേപം ഉന്നയിക്കാനിടയുണ്ട്. അതിനാൽ ഒരുമാസത്തിനുള്ളിൽ സർക്കാർ കൈവശമുള്ള കണക്ക് പുറത്ത് യഥാർത്ഥ മരണക്കണക്ക് തയ്യാറാക്കണമെന്നും സർക്കാർ പരിശോധനയ്ക്ക് തയ്യാറല്ലെങ്കിൽ പ്രതിപക്ഷം ആ ജോലി ചെയ്യുമെന്നും സതീശൻ കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios