സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയിൽ സർക്കാർ ഉടൻ തീരുമാനമെടുത്തേക്കും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തുകയാണ്.

തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശുപാർശ കത്തിന്മേൽ സംസ്ഥാന സർക്കാർ തീരുമാനം ഉടൻ ഉണ്ടായേക്കും. വിഷയം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തുകയാണ്. സർക്കാർ തീരുമാനത്തിന് മുന്നോടിയായാണ് ചർച്ച. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ എക്സാലോജിക് കമ്പനി ഉടമ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നതാണ് ഇഡിയുടെ പ്രധാന ശുപാർശ. ഇഡി തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ ഗൗരവമേറിയ വിവരങ്ങൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് ഔദ്യോഗികമായി കത്ത് കൈമാറിയിരുന്നു.