യുഡിഎഫ് പഠനറിപ്പോർട്ട് അടക്കം നൽകാതെ കൂടിയാലോചനയില്ലാതെ പദ്ധതിയെ എതിർക്കാൻ തീരുമാനച്ചതിലുള്ള തരൂരിൻറെ അതൃപ്തി സതീശൻറെ കത്തോടെ മാറിയെന്നാണ് വിവരം. 

തിരുവനന്തപുരം: സിൽവർ ലൈനിൽ (Silver Line) ശശിതരൂരും (Shashi tharoor) യുഡിഎഫും (UDF) തമ്മിലുള്ള തർക്കം സമവായത്തിലേക്ക്. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് കാണിച്ച് തരൂർ മറുപടി നൽകിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ (Opposition Leader VD Satheesan) അറിയിച്ചു. യുഡിഎഫിന് നിലപാടിനൊപ്പമാണെന്ന് തരൂർ തന്നെ പരസ്യമാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അതേ സമയം തരൂരിനെ നിയന്ത്രിക്കണമെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ (Mullapally Ramachandran) ആവർത്തിച്ചു.

സിൽവർലൈനിലെ യുഡിഎഫ് സമരങ്ങളുടെ പാളം തെറ്റിച്ച തരൂരിനെ ഒപ്പം നിർത്താനുള്ള നീക്കത്തിന് മുൻകയ്യെടുത്തത് പ്രതിപക്ഷ നേതാവ് വിഡിസതീശനാണ്. പദ്ധതി പഠിക്കാൻ സമയം ചോദിച്ച തരൂരിനെ സതീശൻ കഴിഞ്ഞ ദിവസം യുഡിഎഫിൻെ പഠന റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങളും മുന്നണി ഉന്നയിക്കുന്ന സംശയങ്ങളും ചോദ്യങ്ങളും ചേർത്ത് കത്ത് നൽകി. മുന്നണി നിലപാടിനൊപ്പം തരൂരും നിൽക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് കഴിഞ്ഞ ദിവസം നൽകിയ മറുപടിയിലാണ് തരൂർ അയയുന്നുവെന്ന സൂചന നൽകിയത്

യുഡിഎഫ് പഠനറിപ്പോർട്ട് അടക്കം നൽകാതെ കൂടിയാലോചനയില്ലാതെ പദ്ധതിയെ എതിർക്കാൻ തീരുമാനച്ചതിലുള്ള തരൂരിൻറെ അതൃപ്തി സതീശൻറെ കത്തോടെ മാറിയെന്നാണ് വിവരം. തരൂർ മുന്നണിക്കൊപ്പമെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോഴും ശശി തരൂർ പരസ്യമായി സ്വീകരിക്കുന്ന പുതിയ നില്പാടിൽ ആകാംക്ഷയുണ്ട്. വികസനത്തിൽ വേറിട്ട സമീപനം പുലർത്തുന്ന തിരുവനന്തപുരം എംപി സിൽവർ ലൈനിനെ പൂർണ്ണമായി എതിർക്കുമോ എന്നാണ് അറിയേണ്ടത്. തരൂരിനെതിരെ നിലപാട് കടുപ്പിക്കണമെന്നും അനുനയിപ്പിച്ച് ഒപ്പം നിർത്തിയാൽ മതിയെന്നും രണ്ട് അഭിപ്രായങ്ങളാണ് കോൺഗ്രസ്സിൽ ഉയർന്നത്. രണ്ടാം മാർഗ്ഗമാണ് നല്ലതെന്ന നിലക്കായിരുന്നു സതീശൻറെ ഒത്ത് തീർപ്പ് ശ്രമം.

യോഗി ആദിത്യനാഥിനെ കുത്താനാണെങ്കിലും ദേശീയ ആരോഗ്യസൂചികയിൽ ഒന്നാമത്തെത്തിയ കേരളത്തെ പുകഴ്ത്തിയ തരൂരിൻ്റെ ഇന്നലത്തെ പോസ്റ്റിലും കോൺഗ്രസ്സിൽ അമർഷമുണ്ട്. അതിനിടെ തരൂരിനെതിരെ ഹൈക്കമാൻഡും ഇടപെടുമെന്ന സൂചനകൾക്കിടെ തീരുമാനം കെപിസിസി എടുക്കട്ടെ എന്ന് പറഞ്ഞ് കെസി വേണുഗോപാൽ ഒഴിഞ്ഞുമാറി. സംസ്ഥാന നേതൃത്വം പരാതി നൽകിയിട്ടില്ലെന്നാണ് സംഘടനാ ജനറൽ സെക്രട്ടറിയുടെ വിശദീകരണം