കസ്റ്റഡി മര്‍ദനത്തിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നതെന്നും വിഡി സതീശൻ ചോദിച്ചു. 

തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മർദനത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യം ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നതെന്നും വിഡി സതീശൻ ചോദിച്ചു. ആഭ്യന്തര വകുപ്പിനെതിരായ ആരോപണത്തിന് മന്ത്രി ശിവൻകുട്ടി മറുപടി പറഞ്ഞാൽ പോരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസ് ഗുണ്ടാസംഘത്തിനും ക്രിമിനൽ സംഘത്തിനും മുഖ്യമന്ത്രി നേതൃത്വം നൽകുന്നുവെന്നും അദ്ദേഹം രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. രാഹുൽ കേസിൽ ഇതിലും കടുത്ത നടപടി വേണമെന്ന് ആവശ്യം ഉയർന്നിരുന്നുവെന്നും കൂടിയാലോചിച്ച് ഒരുമിച്ചെടുത്ത തീരുമാനമാണ് ഇപ്പോഴത്തേതെന്നും സതീശൻ പറഞ്ഞു.

രാഹുൽ നിയമസഭയിൽ വരുമോ എന്നത് പാർട്ടി തീരുമാനിക്കും. അത് പിന്നീട് അറിയാം. ആരാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നത്? ജനങ്ങളോട് മറുപടി പറയണം. ഡിജിപി അല്ല പ്രതികരിക്കേണ്ടത്. മാധ്യമങ്ങൾ ഇക്കാര്യം ചർച്ചയാക്കണമെന്ന് പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ചു. ശബരിമല വിഷയത്തിൽ ആചാരലംഘനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലം സർക്കാർ പിൻവലിക്കുമോ എന്നും അയ്യപ്പഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.