മുഖ്യമന്ത്രി സ്ഥാനത്തിൽ അയയാതെ വിഡി സതീശൻ. തന്നെ പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്നാണ് നിലപാട്. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിൽ അയയാതെ വിഡി സതീശൻ. തന്നെ പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിലാണ് സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കടുത്ത നിലപാട് അറിയിക്കുകയും ചെയ്തു. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്നും വിഡി സതീശൻ പറഞ്ഞു. വി എസിൻ്റെയും മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്.

നേതാവിന് കാഴ്ചപ്പാടാണ് പ്രധാനമാണ്. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടനാ ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത് എന്നും അഭിമുഖത്തിൽ സതീശൻ പറയുന്നു. ജെൻസിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കണമെന്നും സതീശൻ പറഞ്ഞു. ഹൈക്കമാൻഡിൻ്റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന് `ചോദ്യം സാങ്കൽപ്പികം' എന്നായിരുന്നു സതീശന്റെ മറുപടി.

മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും നിരീക്ഷകരെ കണ്ടു. ഘടക കക്ഷികളുമായുള്ള കൂടിക്കാഴ്ച വൈകീട്ട് നടക്കും. തർക്കമില്ലാത്ത തീരുമാനം വരുമെന്നാണ് എംഎൽഎമാർ അറിയിക്കുന്നത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം എടുക്കാൻ എഐസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News