യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘര്‍ഷത്തിൽ ഒന്നാം പ്രതിയാക്കി കേസെടുത്തതിന് പിന്നാലെയാണ് സതീശന്‍റെ പരിഹാസം. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരും പ്രതികളാണ്

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് മാർച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം എന്നായിരുന്നു വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മാർച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പരിഹാസം. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റ‍ർ ചെയ്ത കേസിൽ പ്രതികളാണ്.

അതിനിടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വെല്ലുവിളിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയന്‍റെ മറുപടി. തനിക്ക് സതീശന്‍റെ അത്ര ധൈര്യമില്ലെന്ന് പരിഹാസ രൂപേണ പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റ് സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.

Also Read: 'തോക്കിനേയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്'; പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി