നാല് മന്ത്രിമാരാണ് വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം ആരോപിച്ചത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. അങ്ങനെയൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ തയാറാകണം

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് 2021 ജൂണ്‍ പത്തിന് ഗവര്‍ണര്‍ അയച്ച കത്ത് ഒന്നര വര്‍ഷത്തോളം പൂഴ്ത്തിവച്ച ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തിനാണ് ഗവര്‍ണറുടെ കത്ത് ഇത്രയും കാലം ഒളിച്ചുവെച്ചത്? ഈ കാലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിൽ കൊടുക്കൽ വാങ്ങൽ നടക്കുകയായിരുന്നു. കൊടകര കുഴൽപ്പണ കേസ് ഒത്തുതീര്‍ക്കാൻ ശ്രമിച്ചത് ഇതിന്റെ ഭാഗം. കുഴല്‍പ്പണ കേസില്‍ ബിജെപി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഒഴിവാക്കിയതിന് പകരമായി സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കൈക്കൂലി കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണം മുഖ്യമന്ത്രിയിലേക്കോ മന്ത്രിമാരിലേക്കോ എത്താതെ ഒത്തുതീര്‍പ്പാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

രണ്ടിനും ഇടനിലക്കാരനായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നാണ് വ്യക്തമാക്കേണ്ടതാണെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്ത് ഗവര്‍ണര്‍ എന്നാണ് പുറത്തുവിടുന്നതെന്നാണ് ഇനി അറിയാനുള്ളത്. അടുത്തവര്‍ അകന്നപ്പോഴുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്രയും കാലം ഇരുവരും ഒന്നിച്ചായിരുന്നെന്ന പ്രതിപക്ഷ ആരോപണം തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കത്തെന്നും സതീശൻ പറഞ്ഞു.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണെന്നും തന്നെ തീവ്രവാദിയാക്കിയ ഇടത് നേതാക്കള്‍ മാപ്പ് പറയണമെന്നുമാണ് മന്ത്രിയുടെ സഹോദരന്‍ പ്രതികരിച്ചത്. സഹോദരന്‍ പറഞ്ഞ ഈ അഭിപ്രായത്തോട് പിണറായി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായ ആന്റണി രാജു യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം.

കര്‍ഷസമരങ്ങള്‍ക്ക് പിന്നില്‍ മോദി തീവ്രവാദം ആരോപിച്ചത് പോലെയാണ് സംസ്ഥാന സര്‍ക്കാരും വിഴിഞ്ഞം സമരത്തെയും ആക്ഷേപിക്കുന്നത്. ആര്‍ച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ കേസെടുത്ത് സമരക്കാരെ പ്രകോപിപ്പിച്ച്, അദാനി നല്‍കിയ കേസ് കോടതിയില്‍ എത്തുമ്പോള്‍ കലാപമാണെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം. സമരം അക്രമ സമരമാണെന്നു വരുത്തി തീര്‍ക്കാന്‍ അദാനി പോര്‍ട്ടും മുഖ്യമന്ത്രിയും തമ്മിലാണ് ഗൂഢാലോചന നടത്തിയത്. അദാനിക്ക് അനുകൂലമായി കോടതി വിധി ഉണ്ടാകുന്നതിന് വേണ്ടിയാണ് ഗൂഢാലോചന നടത്തിയത്. നാല് മന്ത്രിമാരാണ് സമരത്തിന് തീവ്രവാദ ബന്ധം ആരോപിച്ചത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. അങ്ങനെയൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ തയാറാകണം. ആര് സമരം ചെയ്താലും അത് തനിക്കെതിരെയാണെന്ന തോന്നല്‍ ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. മോദിയുടെ അതേ അസുഖമാണ് പിണറായി വിജയനും. സമരം ചെയ്യുന്നവരെയും അവരുടെ സമൂഹത്തെയും മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മുഖ്യമന്ത്രി മുന്‍കൈ എടുത്തിരുന്നെങ്കില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് സമരം അവസാനിപ്പിക്കാമായിരുന്നു. സിമന്റ് ഗോഡൗണില്‍ കഴിയുന്നവരെ വാടകവീട്ടിലേക്ക് മാറ്റി അവരെ സ്ഥിരമായി പാര്‍പ്പിക്കാനുള്ള സ്ഥലം കണ്ടെത്തണം. സമരസമിതി പ്രതിനിധികളെ ഉള്‍പ്പെടുത്തി തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ തീരശോഷണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കണം. ഇതാണ് സമര സമിതി ആവശ്യപ്പെടുന്നത്. വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. തുറമുഖം വന്നാല്‍ തീരശോഷണത്തിനും വീടുകള്‍ കടലെടുക്കാനും സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി മനസിലാക്കിയതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 475 കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. അതില്‍ 350 കോടിയും വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനുമാണ് നീക്കി വച്ചത്. ഇത് സംബന്ധിച്ച ഉത്തരവും അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഈ പദ്ധതി എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപ്പാക്കാത്തത്? പുനരധിവാസ പദ്ധതി നടപ്പാക്കാണമെന്ന് നിയമസഭയില്‍ പ്രതിപക്ഷം കൈകൂപ്പി യാചിച്ചതാണ്. എന്നിട്ടും സമരക്കാരുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറല്ല. സമരം വികസനത്തിന് എതിരെയല്ല. സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്നു പറയുന്ന സര്‍ക്കാര്‍ അത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവ് ഇറക്കിയിട്ടുണ്ടോ? പുനരധിവാസവും പഠനവും നടത്താന്‍ തയാറായാല്‍ തന്നെ സമരം അവസാനിക്കും.

തുറമുഖ പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന് യു.ഡി.എഫ് പറഞ്ഞിട്ടില്ല. പദ്ധതി കൊണ്ടു വന്നത് തന്നെ യു.ഡി.എഫാണ്. നാല് കൊല്ലമായി സിമെന്റ് ഗോഡൗണില്‍ കിടക്കുന്ന പാവങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇതുപോലുള്ള പ്രശ്‌നങ്ങള്‍ പദ്ധതി ആരംഭിച്ചപ്പോഴും ഉണ്ടായിരുന്നു. അന്നത്തെ സര്‍ക്കാര്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തിയാണ് അതൊക്കെ പരിഹരിച്ചത്. അന്ന് തുറമുഖം വേണ്ടെന്ന് പറഞ്ഞത് സി.പി.എമ്മാണ്. കടല്‍ക്കൊള്ളയെന്നാണ് ദേശാഭിമാനി വാര്‍ത്ത എഴുതിയത്. ആറായിരം കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുണ്ടെന്നും ആരോപിച്ചവരാണ് ഇപ്പോള്‍ വികസനത്തിന്റെ അപ്പോസ്തലന്‍മാരാകുന്നത്. വികസനത്തിന് തടസം നിന്നാല്‍ ആരായാലും നേരിടുമെന്നാണ് പറയുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍ ഭൂമിയ്ക്കടിയിലെ ബോംബാണെന്ന് പറഞ്ഞ് സമരം ചെയ്തയാള്‍ ഈ മന്ത്രിസഭയിലെ അംഗമാണ്. അങ്ങനെയുള്ള മുഖ്യമന്ത്രിയാണ് ഗെയില്‍ പൈപ്പ് ലൈന്‍ കൊണ്ടു വന്നതുപോലെ തുറമുഖം നിര്‍മ്മിക്കുമെന്ന് പറയുന്നത്. അന്ന് സമരം ചെയ്തവര്‍ വികസന വക്താക്കളായി മാറിയിരിക്കുന്ന വിചിത്ര സാഹതചര്യമാണ് ഇന്നുള്ളത്.


സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പൂത്തോട്ട ലോ കോളജിലെ കെ.എസ്.യു പ്രതിനിധിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണം. അതിന് വേണ്ടിയാണ് കെ.എസ്.യു സമരം നടത്തുന്നത്. ഒരാളെ തട്ടിക്കൊണ്ടു പോയാല്‍ ജാമ്യമുള്ള കേസല്ല എടുക്കേണ്ടത്. പൊലീസിനെ ഭരിക്കുന്നത് സി.പി.എമ്മാണ്. അഞ്ച് കെ.എസ്.യു കുട്ടികളുടെ രക്തം വീഴ്ത്തുമെന്ന് അയ്യംബുഴ പഞ്ചായത്ത് പ്രസിഡന്റാണ് ഭീഷണിപ്പെടുത്തിയത്. എന്നിട്ടും അയാള്‍ക്കെതിരെ നടപടിയില്ല. കുപ്രസിദ്ധരായ ക്രിമിനലുകള്‍ക്കാണ് കോളജുകളുടെ ചുമതല സി.പി.എം നല്‍കിയിരിക്കുന്നത്. കെ.എസ്.യുവിന് എറണാകുളം ജില്ലയില്‍ ഉണ്ടായിരിക്കുന്ന വിജയത്തില്‍ സി.പി.എം വിറളി പൂണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു,