Asianet News MalayalamAsianet News Malayalam

'നെതര്‍ലാൻഡ്സ് സന്ദർശനത്തിനിടെ സോണ്ടയുമായി ചർച്ച നടത്തിയോ'? മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി വി ഡി സതീശന്‍

32 കോടിയുടെ അഴിമതി ആണ് ബ്രഹ്മപുരത്തു നടന്നത്.സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടിയുണ്ടോയെന്നും പ്രതിപക്ഷ നേതാവ്

VD satheesan raise seven questions to CM on Zonta infratech
Author
First Published Mar 23, 2023, 12:43 PM IST

തിരുവനന്തപുരം: മാലിന്യ നീക്കത്തിനായി കൊച്ചി കോര്‍പറേൽനും സോണ്ടയും തമ്മിലുള്ള കരാറില്‍ 32 കോടിയുടെ അഴിമതിയാണ് നടന്നതെന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് അദ്ദേഹം 7 ചോദ്യങ്ങളും ഉന്നയിച്ചു.

1. പ്രളയത്തിന് ശേഷം 2019-ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലന്റ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?

2. കേരളത്തിലെ വിവിധ കോര്‍പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോണ്ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?  

3. സിപിഎം നേതൃത്വം നല്‍കുന്ന കൊല്ലം കോര്‍പറേഷനിലും കണ്ണൂര്‍ കോര്‍പറേഷനിലും ഈ കമ്പനിക്ക് യാതൊരുവിധ മുന്‍ പരിചയവും ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കിയിട്ടും ബ്രഹ്‌മപുരത്ത് ഇവരെ തുടരാന്‍ അനുവദിക്കുകയും വേസ്റ്റ് ടു എനര്‍ജി കരാറടക്കം നല്‍കാന്‍ തീരുമാനിച്ചതും എന്തിന്?

4. സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടയുണ്ടോ?

5. ബ്രഹ്‌മപുരത്തെ ബയോ മൈനിങിനായി കരാര്‍ നല്‍കിയ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടീസ് നല്‍കാത്തത് എന്തുകൊണ്ട്?

6. കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാര്‍ നല്‍കിയത് സര്‍ക്കാരോ കൊച്ചി കോര്‍പറേഷനോ അറിഞ്ഞിരുന്നോ?

7. കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടീസ് നല്‍കുന്നതിന് പകരം സോണ്ടയ്ക്ക് 7 കോടിയുടെ മൊബൈലൈസേഷന്‍ അഡ്വാന്‍സും പിന്നീട്  4 കോടി രൂപയും അനുവദിച്ചത് എന്തിന്?

ലൈഫ് മിഷൻ ബ്രഹ്മപുരം ചോദ്യങ്ങൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നുവെന്നും സതീശന്‍ പറഞ്ഞു.ബ്രഹ്മപുരത്ത് നടന്നത് വൻ തട്ടിപ്പ്. 54 കോടിയുടെ പദ്ധതി 22 കോടിക്ക് ഉപകരാർ കൊടുത്തു.ലൈഫ് മിഷനേക്കാൾ വലിയ അഴിമതിയാണ് നടന്നത്.മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാണ്.സർക്കാർ അന്വേഷണത്തിന് പ്രസക്തി ഇല്ല.വിജിലൻസ് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Follow Us:
Download App:
  • android
  • ios