കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സിപിഎം-ബിജെപി ധാരണപ്രകാരമാണിതെന്നും സതീശന്‍ പറഞ്ഞു. 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് (Swapna Suresh) നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ (VD Satheesan). സമൂഹത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് എല്ലാം നടന്നതെന്ന് തെളിഞ്ഞു. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സിപിഎം-ബിജെപി ധാരണപ്രകാരമാണിത്. ശബ്ദരേഖയിലെ ഗുഢാലോചന അന്വേഷിക്കണമെന്നും സതീശന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ചതെല്ലാം ശരിയാണെന്ന് തെളിഞ്ഞെന്നായിരുന്നു മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തിന് സഹായം ചെയ്തു എന്ന് ഇപ്പോൾ വ്യക്തമായെന്നും ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടു എന്നും സ്വപ്നയുടെ മൊഴിയോടെ തെളിഞ്ഞെന്നും പറഞ്ഞ ചെന്നിത്തല ഇപ്പോൾ ഉയർന്ന വിവാദങ്ങൾക്കെല്ലാം മുഖ്യമന്ത്രി പറയണമെന്നും ആവശ്യപ്പെട്ടു. 

ശിവശങ്കറിന്‍റെ ആത്മകഥയിലെ വാദങ്ങളെ ചോദ്യംചെയ്യുന്ന വെളിപ്പെടുത്തലുകളാണ് ഇന്നലെ എഷ്യാനെറ്റ് ന്യൂസുമായുളള അഭിമുഖത്തിൽ സ്വപ്ന നടത്തിയത്. കടുത്ത ആരോപണങ്ങൾ നേരിടുമ്പോഴും കേന്ദ്ര ഏജൻസിയെ നിശ്ചയിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് വിശ്വസനീയ വിവരമെന്നാണ് സ്വപ്ന സുരേഷ് അവകാശപ്പെടുന്നത്. കേസിൽ തനിക്ക് അറിയാവുന്നത് എല്ലാം ശിവശങ്കറിനും അറിയാം. കേസുമായി ബന്ധപ്പെട്ട ചാറ്റുകൾ എല്ലാം സത്യം ആണ്. ശിവശങ്കർ അടക്കമുള്ളവരുടെ നിർദ്ദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും ശബ്ദരേഖ പുറത്ത് വിട്ടതെന്നും സ്വപ്ന വെളിപ്പെടുത്തി. ബാഗേജ് വിട്ടുകിട്ടാൻ താൻ സഹായിച്ചില്ലെന്ന ശിവശങ്കറിന്‍റെ വാദവും സ്വപ്ന പൂർണമായി തളളി. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം ശരിയല്ലെന്നും ബാഗിൽ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.